തടഞ്ഞുവെച്ച പരീക്ഷാഫലം സര്‍വകലാശാല പ്രഖ്യാപിച്ചു

എട്ട് കോളജുകളും പരീക്ഷാഭവന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കി
Posted on: May 29, 2018 6:02 am | Last updated: May 28, 2018 at 11:28 pm

തേഞ്ഞിപ്പലം: മൂല്യനിര്‍ണയ ക്യാമ്പുകളുമായി സഹകരിക്കാത്ത അധ്യാപകരുടേത് അടക്കമുള്ള വിശദ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല തടഞ്ഞുവെച്ച എട്ട് കോളജുകളുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലം ഒടുവില്‍ പ്രസിദ്ധീകരിച്ചു. ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇമെയില്‍ വഴി പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കോളജ് മാനേജ്‌മെന്റ് ലഭ്യമാക്കിയ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ ഭാവി കൂടി കണക്കിലെടുത്ത് പരീക്ഷാഫലം പ്രഖ്യാപിച്ചത്. അധ്യാപകരെ അയക്കാത്തത് സംബന്ധിച്ച് അതത് കോളജ് പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് വിശദീകരണം തേടിയപ്പോള്‍ മറുപടി ലഭിക്കാത്തതിനാലാണ് ബിരുദ ഫലം തടഞ്ഞുവെക്കാനിടയാക്കിയത്.

പ്രിന്‍സിപ്പല്‍മാര്‍ നേരിട്ടെത്തി കാരണം ബോധിപ്പിക്കണമെന്ന് പരീക്ഷാ സ്ഥിരം സമിതി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതിനാല്‍ എട്ട് കോളജുകളുടെ ഫലം തടഞ്ഞുവെക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം തീരുമാനിക്കുകയായിരുന്നു. മലപ്പുറം ഗവ. കോളജ്, തൃശൂര്‍ പുതുക്കാട് പ്രജ്യോതി നികേതന്‍, എസ് എന്‍ കോളജ് ആലത്തൂര്‍, കാര്‍മല്‍ കോളജ് മാള, ഗവ. കോളജ് നടപുറം, ഭാരത്മാത പാലക്കാട്, വി വി കോളജ്ചുള്ളിമട, എസ് എസ് കോളജ് അരീക്കോട് എന്നീ കോളജുകളിലെ ഫലങ്ങളായിരുന്നു തടഞ്ഞുവെച്ചിരുന്നത്. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ ഇന്ന് പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് വാദം കേള്‍ക്കും.