മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍മുല്‍ക് പാക് ഇടക്കാല പ്രധാനമന്ത്രി

മാസങ്ങള്‍ നീണ്ട തര്‍ക്കത്തിന് വിരാമം
Posted on: May 29, 2018 6:04 am | Last updated: May 28, 2018 at 10:47 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍മുല്‍കിനെ രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികൃതര്‍ തിരഞ്ഞെടുത്തു. ജൂലൈ 25ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. ഇതോടെ ഭരണകക്ഷിയായ പി എം എല്‍- എനും പ്രതിപക്ഷ പാര്‍ട്ടികളും മാസങ്ങളായി തുടര്‍ന്നുവന്നിരുന്ന വാക്‌പോരിന് അന്ത്യമാവുകയും ചെയ്തു. പാക് പ്രധാനമന്ത്രി ശാഹിദ് ഖഹ്ഖാന്‍ അബ്ബാസി പങ്കെടുത്ത പത്രസമ്മേളനത്തില്‍ വെച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഖുര്‍ശീദ് ഷാ ആണ് മുന്‍ ചീഫ് ജസ്റ്റീസ് നാസിറുല്‍മാലികിനെ ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്. നാഷനല്‍ അസംബ്ലി സ്പീക്കര്‍ ആയാസ് സ്വാദിഖും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
അടുത്ത മാസം ഒന്നിന് അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.

നിലവിലെ സര്‍ക്കാറിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കും. തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും രാജ്യം മുന്നോട്ടുപോകുക. ജൂലൈ 25ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് നീതിപൂര്‍വവും സ്വതന്ത്രവുമായിത്തീരാന്‍ ഇടക്കാല പ്രധാനമന്ത്രി ശ്രമിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ശുഭാപ്തി പ്രകടിപ്പിച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ആരെ നിയമിക്കണമെന്ന് ഭരണകക്ഷിയായ പി എം എല്‍ എന്നിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഇടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്തുന്നതിന് വേണ്ടി ഭരണകക്ഷി പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളും ആറ് തവണ യോഗം ചേര്‍ന്നിരുന്നു. ഇതിനൊടുവിലാണ് ഇരു വിഭാഗത്തിനും സംതൃപ്തിയുള്ള നാസിറുല്‍മാലികിനെ ഈ സ്ഥാനത്തേക്ക് തീരുമാനിക്കുന്നത്.