ധോണിയുടെ നേതൃപാടവം

Posted on: May 28, 2018 6:05 am | Last updated: May 28, 2018 at 11:59 pm

മുംബൈ: ഐ പി എല്‍ മൂന്നാം തവണയം ചെന്നൈ ഉയര്‍ത്തിയതിന്റെ രഹസ്യം മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃഗുണമാണെന്ന് ചീഫ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്. തനിക്കാവശ്യമുള്ള കളിക്കാരെ കൃത്യ സമയത്ത് ഉപയോഗപ്പെടുത്താന്‍ ധോണിക്കുള്ള മിടുക്ക് ഫൈനല്‍ വരെ കണ്ടു. വാട്‌സന്‍ ആത്മവിശ്വാസത്തോടെ ടീമിനെ കിരീടത്തിലേക്ക് നയിച്ചതും ക്യാപ്റ്റന്റെ പിന്തുണയോടെ – ഫ്‌ളെമിംഗ് പ്രശംസിച്ചു. എന്നാല്‍, ഫൈനലില്‍ വാട്‌സന്റെ ഇന്നിംഗ്‌സ് തന്നെ ഞെട്ടിച്ചുവെന്ന് ധോണി. പ്രതീക്ഷിച്ചതിനും മുകളിലായിരുന്നു ഓസീസ് താരത്തിന്റെ പ്രകടനമെന്ന് ധോണി പറഞ്ഞു.

വിസ്മയിപ്പിച്ച് വാട്‌സന്‍

മുപ്പത്തിയാറാം വയസിലാണ് വാട്‌സന്റെ വെടിക്കെട്ട് ബാറ്റിംഗ്. ആദ്യ ഐപിഎല്ലിനായി വാട്‌സണ്‍ രാജസ്ഥാന്‍ ടീമിലെത്തുമ്പോള്‍ 26 വയസായിരുന്നു പ്രായം. ഇന്നിപ്പോള്‍ 36 ആയിട്ടും ബാറ്റിംഗ് മികവിന് കോട്ടം തട്ടിയിട്ടില്ല. ആദ്യ ഐപിഎല്‍ നേടിയ ഫൈനലിലും വാട്‌സണ്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. അന്ന് 28 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. തോല്‍പ്പിച്ചതാകട്ടെ തന്റെ ഇപ്പോഴത്തെ ചെന്നൈ ടീമിനെയും. മുംബൈയില്‍ നടന്ന ഫൈനലില്‍ വാട്‌സന്റെ തുടക്കം വളരെ മോശമായിരുന്നെന്ന് കാണാം.

ആദ്യ റണ്‍ നേടാന്‍ 11 പന്തുകളാണ് വാട്‌സണ്‍ എടുത്തത്. ഇന്നിങ്‌സ് അവസാനിച്ചപ്പോഴാകട്ടെ 57 പന്തില്‍ നിന്നും 117 റണ്‍സ്. ഓപ്പണറായി ഇറങ്ങി ടീമിനെ ജയിപ്പിക്കുന്നതുവരെ ക്രീസില്‍ തുടരാനും മുന്‍ ഓസീസ് താരത്തിന് കഴിഞ്ഞു.

സീസണില്‍ 555 റണ്‍സാണ് പതിനഞ്ച് മത്സരങ്ങളില്‍ നിന്നായി വാട്‌സണ്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടുന്നു.