International
സിറിയയില്‍ ഇസില്‍ ആക്രമണം; റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്‌കസ്: സിറിയയിലെ ഏറ്റുമുട്ടല്‍ പ്രവിശ്യയായ ദേര്‍ അസൂറില്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ആക്രമണത്തിലാണ് സിറിയന്‍ സൈന്യത്തിന് പിന്തുണയുമായെത്തിയ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. അഞ്ച് റഷ്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രണ്ട് സൈനിക ഉപദേശകരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നേതൃത്വം നല്‍കിയ സിറിയന്‍ സൈനിക പീരങ്കിപ്പടക്ക് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സലഫിസ്റ്റ് ഭീകരസംഘടനയായ ഇസിലാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യന്‍ വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് പീരങ്കിപ്പടക്ക് നേരെ ആക്രമണമുണ്ടായതെന്നും പരുക്കേറ്റവരെ റഷ്യന്‍ സൈനിക ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 43 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി മന്ത്രാലയ വക്താക്കള്‍ അവകാശപ്പെട്ടു.
അതിനിടെ, ദേര്‍ അസൂറില്‍ ഇസില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒമ്പത് റഷ്യക്കാരടക്കം 35 സര്‍ക്കാര്‍ അനുകൂല സായുധ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.




