നിപ്പ: യാത്രാ വിലക്കേര്‍പ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

Posted on: May 26, 2018 9:08 pm | Last updated: May 27, 2018 at 11:26 am

കോഴിക്കോട്: നിപ്പ രോഗബാധയുടെ പേരില്‍ പൊതുവാഹനങ്ങളില്‍ യാത്ര നിഷേധിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍. ആശുപത്രി ജീവനക്കാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് യാത്ര നിഷേധിച്ച ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പരാതികളില്‍ വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ബസില്‍ സീറ്റ് മാറ്റിയിരുത്തിയതും കണ്ടക്ടര്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കാത്തതും വിവാദമായിരുന്നു. സ്ഥിരയാത്രക്കാരായ ജീവനക്കാരെ തിരിച്ചറിയുന്ന ബസ് ജീവനക്കാര്‍ ഇവരെ ബസില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബസുകാരുടെ വിലക്കിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.