കുമ്മനത്തിന്റേത് ‘പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍’; കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരാള്‍ മിസോറാമില്‍ എന്ത് ചെയ്യാന്‍?: കോടിയേരി

Posted on: May 26, 2018 2:20 pm | Last updated: May 26, 2018 at 9:10 pm

ചെങ്ങന്നൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറമില്‍ ഗവര്‍ണറായി നിയമിച്ചതോടെ ചെങ്ങന്നൂരില്‍ സേനാ നായകനില്ലാത്ത അവസ്ഥയിലാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനത്തിന് ഇപ്പോള്‍ ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുമ്മനത്തെ ഗവര്‍ണര്‍ ആക്കിയത് കൊണ്ട് കേരളത്തിനോ ചെങ്ങന്നൂരിനോ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. കുമ്മനത്തെ ഗവര്‍ണറാക്കുമ്പോള്‍ ഏതെങ്കിലും വലിയ സംസ്ഥാനത്ത് നിയമിക്കാമായിരുന്നു. മിസോറാമിലെ ജനസംഖ്യ പത്ത് ലക്ഷത്തോളമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ പോലും അതില്‍ കൂടുതല്‍ ജനസംഖ്യയുണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയിലെ ആഭ്യന്തര പ്രശ്‌നമാണ് കുമ്മനത്തെ മാറ്റാന്‍ കാരണം. കുമ്മനത്തിന് എതിര്‍പക്ഷത്തുള്ള മുന്‍ അധ്യക്ഷന്‍ വി മുരളീധരനെ മഹാരാഷ്ട്രയിലേക്ക് നാട് കടത്തുകയാണ് ചെയ്തത്. ബിജെപി അംഗമല്ലാത്ത കുമ്മനം ആര്‍എസ്എസില്‍ നിന്ന് നേരിട്ടാണ് ബിജെപി പ്രസിഡന്റായത്. ഇതേച്ചൊല്ലി പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയുണ്ട്. അത് കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരാള്‍ മിസോറമില്‍ എന്ത് ചെയ്യാനാണെന്നും കോടിയേരി ചോദിച്ചു.