Connect with us

National

കര്‍ണാടക: ബി ജെ പി പിന്മാറി; സ്പീക്കര്‍ക്കും എതിരില്ല

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാറിനെ തിരഞ്ഞെടുത്തു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് അവസാന നിമിഷം ബി ജെ പി പിന്മാറിയ സാഹചര്യത്തില്‍ രമേശ്കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്ക് വിജയിക്കാനാവശ്യമായ അംഗങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് കണ്ടാണ് ബി ജെ പിയുടെ പിന്മാറ്റം. ബി ജെ പിയിലെ എസ് സുരേഷ് കുമാറാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍, മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി രാവിലെ ബി ജെ പി അറിയിക്കുകയായിരുന്നു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ രമേശ്കുമാറിനെ സ്പീക്കറുടെ ഡയസിലേക്ക് പ്രോടെം സ്പീക്കര്‍ കെ ജി ബൊപ്പയ്യ ക്ഷണിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയും കൂടി രമേശ് കുമാറിനെ കസേരയിലേക്ക് ആനയിച്ചു.

സിദ്ധരാമയ്യ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന രമേശ്കുമാര്‍ 1994 – 1999 കാലയളവില്‍ നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിരുന്നു. ശ്രീനിവാസപൂര്‍ മണ്ഡലത്തില്‍ നിന്ന് ജെ ഡി എസിലെ ജി കെ വെങ്കിടശിവ റെഡ്ഢിയെ 10,500 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ഇത്തവണ നിയമസഭയിലെത്തിയത്. ഇത് ആറാമത്തെ തവണയാണ് രമേശ്കുമാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

Latest