Connect with us

National

എം ഫില്‍, പി എച്ച് ഡി പ്രവേശന മാനദണ്ഡങ്ങളില്‍ ഭേദഗതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗവേഷക വിദ്യാര്‍ഥി പ്രവേശനത്തിനാവശ്യമായ നിബന്ധനകള്‍ യു ജി സി ഭേദഗതി ചെയ്തു. എം ഫില്‍, പിഎച്ച് ഡി പ്രവേശനത്തിനായി 2016ല്‍ നിശ്ചയിച്ച നിബന്ധനകളാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. മുന്നോടിയായി നടത്തുന്ന പ്രവേശന മാനദണ്ഡങ്ങളായ അഭിമുഖങ്ങള്‍, വൈവ മുതലായവ നീക്കം ചെയ്തതായി യൂ ജി സി കമ്മീഷന്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

യു ജി സിയുടെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പ്രവേശന പരീക്ഷയിലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. എഴുത്തുപരീക്ഷയില്‍ 70 ശതമാനവും അഭിമുഖത്തില്‍ 30 ശതമാനവും വേണമെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്ന മാനദണ്ഡം.

എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ അഞ്ച് ശതമാനം ഇളവും യു ജി സി കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 50 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ മാത്രമെ പ്രവേശന പരീക്ഷയില്‍ വിജയം നേടാനാകു. അതേസമയം സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മാത്രം മതിയാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് എം ഫില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവേഷണവും പി എച്ച് ഡിയും സംയോജിപ്പിച്ച് കൊണ്ടു പോകാനുള്ള അവസരം ഉണ്ടായിരിക്കും. എം ഫില്‍ കോഴ്‌സിനോടനുബന്ധിച്ചുള്ള പ്രബന്ധവും വൈവയും പൂര്‍ത്തിയാക്കുനുള്ളവര്‍ക്കും അതേ സ്ഥാപനത്തില്‍ പി എച്ച് ഡി ചെയ്യാനാവുന്നതാണ്.

പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു പ്രൊഫസര്‍ക്ക് മൂന്നില്‍ കൂടുതല്‍ എം ഫില്‍ ഉദ്യോഗാര്‍ഥികളെയും എട്ടില്‍ കൂടുതല്‍ പി എച്ച് ഡി ഗവേഷകരെയും ഗൈഡ് ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് ഒരു എം ഫില്‍ വിദ്യാര്‍ഥിയെയും നാല് പി എച്ച് ഡി ഗവേഷകരെയും മാത്രമെ ഗൈഡ് ചെയ്യാനാകൂ. എം ഫില്‍ കോഴ്‌സ് രണ്ട് സെമസ്റ്ററുകളായി ഒരു വര്‍ഷമായോ നാല് സെമസ്റ്ററുകളായി രണ്ടു വര്‍ഷമായോ പൂര്‍ത്തിയാക്കാവുന്നതാണ്.

Latest