Connect with us

National

ജഡ്ജി നിയമനം ആരുടെയും കുടുംബ സ്വത്തല്ല: കമാല്‍ പാഷ

Published

|

Last Updated

കൊച്ചി: ജഡ്ജി നിയമനം കുടുംബസ്വത്തായി കണക്കാക്കി വീതംവെക്കാനുള്ളതല്ലെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കമാല്‍ പാഷക്ക് നല്‍കിയ യാത്രയയപ്പിലെ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതം വെക്കാനുള്ളതല്ല ജഡ്ജിമാരുടെ നിയമനമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍ ന്യായാധിപരായി നിയമിക്കാന്‍ ചില അഭിഭാഷകരുടെ പേരുകള്‍ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇവരുടെ ആരുടെയും മുഖം താനുള്‍പ്പെടെയുള്ള ന്യായാധിപന്‍മാര്‍ കണ്ടിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ജുഡീഷ്യറിക്ക് ഗുണം ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു.

യോഗ്യതയുള്ള പലരെയും അവഗണിച്ച് മറ്റുള്ളവരെ പരിഗണിക്കുന്നത് ജുഡീഷ്യറിയെ ചൂണ്ടുവിരലില്‍ നിര്‍ത്താനിടയാകുമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ നിതി ക്ഷേത്രമായ കോടതിയുടെ ഭരണ സാരഥികളാണ്. നീതി നിര്‍വഹണ പ്രക്രിയ ദൈവിക കാര്യം കൂടിയാണ്. മുംബൈയിലെ ന്യായാധിപരുടെ അഴിമതിക്കെതിരെ രംഗത്തു വന്നത് അഭിഭാഷകരായിരുന്നു. വിരമിക്കലിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെക്കെങ്കിലും സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കിഴ്‌ക്കോടതി ന്യായാധിപരുടെ പരാതികള്‍ കേള്‍ക്കാന്‍ ഹൈക്കോടതി ന്യായാധിപര്‍ വൈമുഖ്യം കാണിക്കരുത്.

കാലങ്ങളായി നേടിയെടുത്ത കോടതിയുടെ യശ്ശസ് അടുത്തിടെയുണ്ടായ ചില സംഭവങ്ങളിലുടെ കളങ്കപ്പെട്ടു. അഴിമതി ഇല്ലാതാക്കാനും കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പക്കാനും സാധിച്ചിട്ടുണ്ട്. ഉത്തരവാദിത്വം ഒന്നും ബാക്കി വച്ചിട്ടില്ല. തലയുയര്‍ത്തി തന്നെയാണ് മഹത്തായ സ്ഥാപനത്തിന്റെ പിടിയിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1995 ലാണ് കമാല്‍ പാഷ ജില്ലാ ജഡ്ജിയായത്. 2013 ല്‍ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു.

Latest