Connect with us

Sports

ഫൈനല്‍ ടിക്കറ്റിന് കൊല്‍ക്കത്തയും ഹൈദരബാദും

Published

|

Last Updated

കൊല്‍ക്കത്ത: ഐ പി എല്‍ ഫൈനല്‍ ബെര്‍ത്ത് തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേര്‍ക്ക് നേര്‍.
ആദ്യ ക്വാളിഫയറില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ സിംഗ്‌സിന് മുന്നില്‍ വിജയം കൈവിട്ടവരാണ് ഹൈദരാബാദ്. ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു കാന്‍ വില്യംസനും കൂട്ടരും. പക്ഷേ, ഡുപ്ലെസിയുടെ പോരാട്ടവീര്യം ഹൈദരാബാദിനെ ക്വാളിഫയര്‍ രണ്ടിലേക്ക് ഒതുക്കി. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തിയ കൊല്‍ക്കത്ത മറ്റൊരു അട്ടിമറി പ്രതീക്ഷയിലാണ്.

നേര്‍ക്കുനേരെ വന്നപ്പോള്‍ ഒമ്പത് ജയവുമായി കൊല്‍ക്കത്തക്കാണ് മുന്‍തൂക്കം. ഹൈദരാബാദിന് അഞ്ച് ജയം. ഈഡന്‍ഗാര്‍ഡന്‍ ഹോംഗ്രൗണ്ടാണെന്നതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗുണം ചെയ്യും.

കാരണം ഇവിടെ അഞ്ച് കളികള്‍ ജയിച്ചിട്ടുണ്ട് കൊല്‍ക്കത്ത. ഹൈദരാബാദ് ഒരു തവണ മാത്രമാണ് ഈഡനില്‍ വിജയക്കൊടി പാറിച്ചത്. ആഴമുള്ള ബാറ്റിംഗ് ലൈനപ്പാണ് കൊല്‍ക്കത്തയുടെ കരുത്ത്. എട്ടാം നമ്പറില്‍ വെസ്റ്റിന്‍ഡീസ് ആള്‍ റൗണ്ടര്‍ ജാവോന്‍സീള്‍സാണ്.

നാല് മത്സരങ്ങള്‍ക്കിറങ്ങിയ താരം ആകെ ആറ് പന്തുകള്‍ മാത്രമാണ് ബാറ്റ് ചെയ്തത്. ഏഴ് റണ്‍സും നേടി. രണ്ട് മത്സരങ്ങളില്‍ പന്തെടുത്തു. മൂന്നോവറില്‍ 37റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്. ഇന്നും വിന്‍ഡീസ് താരം ആദ്യ ലൈനപ്പിലുണ്ടാകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഇറക്കിയ അതേ ലൈനപ്പ് ഹൈദരാബാദ് നിലനിര്‍ത്തും.

സാധ്യതാ ലൈനപ്പ് :
കൊല്‍ക്കത്ത : സുനില്‍ നരെയ്ന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, ആന്ദ്രെ റസല്‍, ജാവോന്‍ സീല്‍സ്, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, പ്രസീദ് കൃഷ്ണ.
ഹൈദരാബാദ്: ശിഖര്‍ ധവാന്‍, ശ്രീവത്സ് ഗോസ്വാമി, കാന്‍ വില്യംസന്‍, മനീഷ് പാണ്ഡെ, യൂസുഫ് പത്താന്‍, ശാകിബ് അല്‍ ഹസന്‍, കാര്‍ലോസ് ബ്രാതൈ്വറ്റ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍.