Connect with us

Sports

കേമനെ കീവില്‍ കാണാം

Published

|

Last Updated

കീവ്: ശനിയാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഏറ്റുമുട്ടുമ്പോള്‍ അടുത്ത ലോകഫുട്‌ബോളര്‍ആരെന്നതിന്റെ നിര്‍ണയം കൂടി നടക്കും. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മെസി എന്നറിയപ്പെടുന്ന മുഹമ്മദ് സാലയും തമ്മിലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായി രംഗത്തുള്ളത്.

മ്പ്യന്‍സ് ലീഗ് നേടാന്‍ റയലിനെ സഹായിച്ചപ്പോഴൊക്കെ ക്രിസ്റ്റിയാനോയെ തേടിബാലണ്‍ദ്യോര്‍ എത്തിയിരുന്നു. 2014, 2016 വര്‍ഷങ്ങളിലും കഴിഞ്ഞ തവണയും പോര്‍ച്ചുഗീസുകാരനായിരുന്നു ബാലണ്‍ദ്യോറില്‍ ചുംബിച്ചത്.

ഒരു ദശകമായി ലോകഫുട്‌ബോളര്‍ പട്ടത്തിന് ക്രിസ്റ്റ്യാനോയും മെസിയും തമ്മിലായിരുന്നു മത്സരം. ഇത്തവണ, ആ നിരയിലേക്ക് മുഹമ്മദ് സാല കടന്നു വന്നത് ഫുട്‌ബോള്‍ ലോകത്തിന് പുത്തന്‍ ആവേശം പകരുന്നു. ക്രിസ്റ്റ്യാനോ-മെസി ആധിപത്യം ഇടക്കൊന്ന് ചോദ്യം ചെയ്യപ്പെടുന്നത് ഫുട്‌ബോള്‍ എന്ന ഗെയിമിന് നല്ലതാണെന്ന അഭിപ്രായമാണ് മുന്‍ താരങ്ങള്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ലിവര്‍പൂളിനും മുഹമ്മദ് സാലക്കും ചാമ്പ്യന്‍സ് ലീഗില്‍ പിന്തുണയേറുകയാണ്.

ഇത് ലോകകപ്പ് വര്‍ഷമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മാത്രം മാറ്റ് കൊണ്ട് ബാലണ്‍ദ്യോര്‍ തീരുമാനിക്കാനാകില്ല. റഷ്യയില്‍ മികവറിയിക്കുന്നതും നിര്‍ണായകമാകും. മെസിയുടെ മികവില്‍ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയാല്‍ കഥ മാറും. ചാമ്പ്യന്‍സ് ലീഗെല്ലാം ലോകകപ്പ് നേട്ടത്തിന്റെ അടിയിലാകും. ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് നേടുകയും ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നോക്കൗട്ടിലെത്തിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്താല്‍ സാധ്യത മാറി മറിയും. മുഹമ്മദ് സാല ഈജിപ്തിനെ അട്ടിമറികളിലൂടെ സെമിയിലെത്തിച്ചാല്‍ എന്താകും അവസ്ഥ !
പോര്‍ച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇച്ഛാശക്തിയെ എഴുതിത്തള്ളാനാകില്ല. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 41 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. സീസണിന്റെ തുടക്കത്തില്‍ നിറം മങ്ങിയ ക്രിസ്റ്റിയാനോ ജനുവരിക്ക് ശേഷമാണ് 28 ഗോളുകളും നേടിയത്. സ്പാനിഷ് ലാ ലിഗയില്‍ 26 ഗോളുകളുമായി ലയണല്‍ മെസിക്ക് പിറകിലായ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് അടിച്ച് കൂട്ടിയത്.

വലിയ മത്സരങ്ങള്‍ ഹീറോയിസം കാണിക്കുക എന്നത് ക്രിസ്റ്റിയാനോയുടെ രക്തത്തില്‍ അലിഞ്ഞു കിടക്കുന്നു. 2008 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയത് ക്രിസ്റ്റ്യാനോയുടെ ഗോളിലായിരുന്നു. 2014ന് ശേഷം റയല്‍ കളിച്ച മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ക്രിസ്റ്റ്യാനോയുടെ സ്‌കോറിംഗിലായിരുന്നു കിരീട ജയം.

മ്പ്യന്‍സ് ലീഗില്‍ അനായാസം സ്‌കോര്‍ ചെയ്യുന്ന ക്രിസ്റ്റിയാനോക്ക് കൂട്ടായി മുന്‍നിരയിലുള്ളത് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയാണ്. ബയേണ്‍ മ്യൂണിക്കിനെതിരെ ബെന്‍സിമ ഇരട്ട ഗോളുകളുമായി തിളങ്ങി. ലാ ലിഗയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ നേടിയ ഗാരെത് ബെയ്‌ലും ആദ്യ ലൈനപ്പില്‍ ഇടം നേടിയാല്‍ ബി-ബി-സി ത്രയം വീണ്ടും കരുത്തറിയിക്കും. എന്നാല്‍, കോച്ച് സിനദിന്‍സിദാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ മാത്രമാണ്.

വിഷമ ഘട്ടങ്ങളില്‍ ക്രിസ്റ്റിയാനോക്കറിയാം എങ്ങനെ മത്സരം ജയിക്കണമെന്ന്, അതാണയാളെ ലോകോത്തര താരമാക്കുന്നത് – സിദാന്റെ വാക്കുകള്‍.

ലിവര്‍പൂള്‍ യൂറോപ്പില്‍ നഷ്ടപ്രതാപം വീണ്ടെടുത്തത് മുഹമ്മദ് സാല നല്‍കിയ ഊര്‍ജത്തിലാണ്. പ്രത്യാക്രമണത്തില്‍ സാലയുടെ വേഗത അപാരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 38 മത്സരങ്ങളില്‍ 32 ഗോളുകളാണ് സാല അടിച്ച് കൂട്ടിയത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 44 ഗോളുകളാണ് സാല നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ പതിനൊന്ന് ഗോളുകള്‍.

മുഹമ്മദ് സാല-റോബര്‍ട്ടോ ഫിര്‍മിനോ-സാദിയോ മാനെ ത്രയം ലിവര്‍പൂളിന്റെ അറ്റാക്കിംഗിന് മൂര്‍ച്ച കൂട്ടും. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഈ ത്രയം നേടിയത് 90 ഗോളുകള്‍.

യൂറോപ്പില്‍ ആറാം കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂളിന്റെ പ്രതീക്ഷയത്രയും സാല നയിക്കുന്ന ഈ അറ്റാക്കിംഗ് ത്രയത്തിലാണ്.

Latest