ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണം
Posted on: May 25, 2018 6:02 am | Last updated: May 24, 2018 at 11:19 pm

ന്യൂഡല്‍ഹി: ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് വര്‍ഷത്തില്‍ ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് ബദലായിട്ടു കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കഴിഞ്ഞ മാസം 24നാണ് ഇതുസംബന്ധിച്ച ശിപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ കമ്മീഷന് കൈമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച അഭിപ്രായം നേരത്തെ നിയമ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് തേടിയിരുന്നു. ഇതിന് മറുപടിയായിട്ടു കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദേശം.

തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുമ്പോഴുള്ള അഞ്ച് ഭരണഘടനാ പ്രശ്‌നങ്ങള്‍, പതിനാല് സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിയമ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. നിയമ, സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ സാധിച്ചാല്‍ ഒരേ സമയം വോട്ടെടുപ്പ് നടത്തുന്നതിനുള്ള പിന്തുണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു. ഒരു വര്‍ഷത്തിനിടയിലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ അടുത്തടുത്ത് കാലാവധി അവസാനിക്കുന്ന സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. എന്നാല്‍, 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള സര്‍ക്കാറുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മീഷന് കഴിയില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 15ാം വകുപ്പ് മാത്രം ഭേദഗതി ചെയ്താല്‍ തന്നെ ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സാധ്യമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടത്തേണ്ട കാലാവധി ആറ് മാസം എന്നതില്‍ നിന്ന് ഒമ്പതോ പത്തോ മാസമാക്കിയാല്‍ ഒരു വര്‍ഷത്തില്‍ നടക്കേണ്ട എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാകും. ലോക്‌സഭയോടൊപ്പം എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ അഞ്ച് നിയമ ഭേദഗതികള്‍ ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.