Connect with us

International

ചര്‍ച്ചകള്‍ക്ക് വേണ്ടി അമേരിക്കയുടെ മുമ്പിലെത്തി യാചിക്കില്ലെന്ന് ഉത്തര കൊറിയ

Published

|

Last Updated

സിയൂള്‍: ചര്‍ച്ചകള്‍ക്ക് വേണ്ടി ഒരിക്കലും അമേരിക്കയുടെ മുമ്പിലെത്തി യാചിക്കാന്‍ ഒരുക്കമല്ലെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി ചൂ സണ്‍ ഹൂയ്. ഉത്തര കൊറിയന്‍ നേതാവുമായി സംസാരിക്കാന്‍ വേണ്ടി അമേരിക്കയുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയുമില്ല. ഒന്നുകില്‍ അമേരിക്ക ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് മുന്നോട്ടുവരും. അല്ലെങ്കില്‍ ആണവായുധങ്ങളും ആണവായുധങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഭവിക്കും. രണ്ടായാലും അത് അമേരിക്കയുടെ സ്വഭാവവും നിലപാടും അനുസരിച്ചായിരിക്കും. ആണവായുധം ഉപേക്ഷിക്കുക അല്ലെങ്കില്‍ ലിബിയയിലെ ഗദ്ദാഫിയുടെ വിധിയേറ്റുവാങ്ങുക എന്ന തരത്തിലുള്ള യു എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് നടത്തിയ പരാമര്‍ശം വിഡ്ഢിത്തരവും അജ്ഞത നിറഞ്ഞതുമാണ്. ആണവ നിരായുധീകരണം വേണമെന്ന അമേരിക്കയുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിലാണ് ഗദ്ദാഫിയുടെ വിധിയെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത്തരം പ്രസ്താവന നടത്തുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ് ഇപ്പോഴും യാഥാര്‍ഥ്യത്തിന് നേരെ കണ്ണുതുറക്കുന്നില്ല. അമേരിക്കക്ക് ഉത്തര കൊറിയയെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് അവരുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. അവരുടെ വാക്ക് കടമെടുത്തു പറഞ്ഞാല്‍, അമേരിക്കക്ക് കനത്ത ദുരന്തം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കാകും. ആ ദുരന്തം ചിലപ്പോള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതും സങ്കല്‍പ്പിക്കാനാകാത്തതുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം 12ന് സിംഗപ്പൂരില്‍ വെച്ച് നടക്കാനിരുന്ന ഉന്‍- ട്രംപ് കൂടിക്കാഴ്ച റദ്ദാക്കിയിട്ടുണ്ട്.

Latest