ദുബൈ സാമ്പത്തിക വിഭാഗം ഈ വര്‍ഷം പരിഹരിച്ചത് 8,166 പരാതികള്‍

Posted on: May 24, 2018 9:18 pm | Last updated: May 24, 2018 at 9:18 pm
മുഹമ്മദ് അലി റാശിദ് ലൂത്ത

ദുബൈ: ദുബൈ ഇക്കണോമിക് ഡിപാര്‍ട്‌മെന്റ് നടപ്പ് വര്‍ഷം ആദ്യ പാദത്തില്‍ ഉപഭോക്തൃ പരാതികള്‍ വര്‍ധിച്ചതായി അധികൃതര്‍. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ചു കൂടുതല്‍ വ്യാപാരികള്‍ തങ്ങളുടെ ആവശ്യങ്ങളിലുള്ള പരാതികളും ഉന്നയിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യത്തെ മൂന്ന് മാസത്തിനിടക്ക് 8,166 പരാതികളാണ് വകുപ്പിന്റെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തിന് ലഭിച്ചത്.

സാമ്പത്തിക വകുപ്പിന് കീഴിലെ കൊമേര്‍ഷ്യല്‍ കോംപ്ലിന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഈ കണക്ക് പുറത്തു വിട്ടത്.  എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച രീതിയിലുള്ള ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സമിതി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 270 പരാതികളാണ് പരിഹാരങ്ങള്‍ക്കായി പരിഗണിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യക്കാരുടെ പരാതികളുടെ ശതമാന നിരക്കും അധികൃതര്‍ പുറത്തു വിട്ടു. ഇന്ത്യ 13 ശതമാനം, ഈജിപ്ത് (10), സഊദി (ഏഴ്) ജോര്‍ദാന്‍ (അഞ്ച്) എന്നിങ്ങനെയാണ് ശതമാന നിരക്ക്.

യു എ ഇയുടെ വിശിഷ്യാ ദുബൈയുടെ സാമ്പത്തിക രംഗത്തെ വളര്‍ച്ചക്ക് ഏറെ പ്രധാനപെട്ട മേഖലയാണ് ചില്ലറ വ്യാപാര ശൃംഖല. വ്യാപാര മേഖലയില്‍ സുതാര്യമായ സമ്പ്രദായമാണ് പ്രതീക്ഷിക്കുന്നത്. ചില്ലറ വ്യാപാര ശൃംഖലയില്‍ ഉന്നതമായ നിലവാരം ഒരുക്കി മികച്ച വാണിജ്യ അന്തരീക്ഷം ഒരുക്കുന്നതിനാണ് ശ്രമമെന്നും കൊമേര്‍ഷ്യല്‍ കോംപ്ലിന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം സി ഇ ഒ മുഹമ്മദ് അലി റാശിദ് ലൂത്ത പറഞ്ഞു.

സാമ്പത്തിക വിഭാഗവും കൊമേര്‍ഷ്യല്‍ കോംപ്ലിന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗവും പരാതികള്‍ ലഭിച്ചയുടനെ പരിഹാര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതികളില്‍ പരിഹാര നടപടികള്‍ കൈകൊള്ളുന്നതിന് പരാതിക്കാരുമായി സംവദിച്ചു സ്വീകാര്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.