ഡോ. കഫീല്‍ ഖാന്‍ കേരളത്തിലേക്ക്; നാളെ രാത്രി കൊച്ചിയിലെത്തും

Posted on: May 24, 2018 3:05 pm | Last updated: May 24, 2018 at 8:42 pm

ലക്‌നോ: കോഴിക്കോട്ടെ നിപ്പ ബാധിത മേഖലയില്‍ സേവനത്തിന് സന്നദ്ധത അറിയിച്ചിരുന്ന ഗൊരക്പുരിലെ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ നാളെ കേരളത്തിലെത്തും. ഫേസ്ബുക്ക് പേജിലൂടെ കഫീല്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും നാളെ രാത്രി കൊച്ചിയില്‍ എത്തിച്ചേരുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കൊച്ചിയില്‍ വിമാനമാര്‍ഗം എത്തുന്ന അദ്ദേഹം റോഡ്മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കും.കേരളത്തില്‍ നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാണെന്ന് നേരത്തെ കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു. നിപ്പ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നു. മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിച്ച മുഖ്യമന്ത്രി ഡോ. കഫീല്‍ ഖാന്‍ ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചവര്‍ക്ക് അവസരം നല്‍കുന്നതില്‍ സന്തോഷമേ ഉള്ളുവെന്നു ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. സേവനസന്നദ്ധര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറെയോ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഗോരഖ്പുര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എഴുപതിലേറെ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എട്ട് മാസം ജയിലില്‍ കഴിഞ്ഞ ഡോ. കഫീല്‍ കഴിഞ്ഞമാസം അവസാനമാണ് പുറത്തുവന്നത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ യുപി സര്‍ക്കാര്‍ മനഃപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്.