തമിഴ്‌നാട്ടില്‍ ഇന്റര്‍നെറ്റിന് നിരോധനം; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി

Posted on: May 24, 2018 9:43 am | Last updated: May 24, 2018 at 12:02 pm
തൂത്തുക്കുടി പാളയംകോട്ടൈ ബൈപ്പാസില്‍ റോഡരികില്‍ നിര്‍ത്തിയിട്ട
ബൈക്കുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടപ്പോള്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലാണ് നിരോധനം. ഈ മാസം 27 വരെ നിരോധനം തുടരും. അതേസമയം, രണ്ട് ദിവസങ്ങളിലായുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. 70ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ തെളിവെടുപ്പ് ഇന്ന് തുടങ്ങും. രണ്ടാമതും വെടിവെയ്പ്പുണ്ടായതിനെ തുടര്‍ന്ന് നീലഗിരി സന്ദര്‍ശനം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് ഇന്നലെ വീണ്ടും വെടിവെക്കുകയായിരുന്നു. ഇന്നലെ നടന്ന വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും വെടിവെപ്പുണ്ടായത്. അണ്ണാ നഗറില്‍ പ്ലാന്റ് വിരുദ്ധ സമരവുമായി ഒത്തുകൂടിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്തെ വീട്ടുകാര്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. അണ്ണാനഗറില്‍ ഒത്തുചേര്‍ന്ന സമരക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. നാല് പേര്‍ക്ക് വെടിയുണ്ടയേറ്റാണ് പരുക്കേറ്റത്. ഇന്നലെ ബ്രയന്ത് നഗറില്‍ രണ്ട് പോലീസ് ബസുകള്‍ക്ക് സമരക്കാര്‍ തീവെച്ചു. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുറമുഖ നഗരമായ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.