Connect with us

International

യു എസ് അംബാസിഡറെ വെനിസ്വേല പുറത്താക്കി

Published

|

Last Updated

കരാക്കസ്: തിരഞ്ഞെടുപ്പ് വിജയത്തെ ചൊല്ലി വിവാദം കത്തിനില്‍ക്കുന്നതിനിടെ, വെനിസ്വേലയിലെ അമേരിക്കന്‍ അംബാസിഡറെ പുറത്താക്കാന്‍ പ്രസിഡന്റ് നിക്കോളോ മാഡുറോ ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറികള്‍ നടന്നിരുന്നെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനിസ്വേലയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമെ നിക്കോളോ മാഡുറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രകോപിതനായി ട്രംപ് വെനിസ്വേലക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് അമേരിക്കന്‍ സ്ഥാനപതിയെ പുറത്താക്കാന്‍ നിക്കോളോ മാഡുറോ ഉത്തരവിട്ടത്.

ദേശീയ ചാനലില്‍ നിക്കോളോ മാഡുറോ തന്നെയാണ് എംബസി ഉദ്യോഗസ്ഥരെ പുറത്താക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വം വെനിസ്വേലക്ക് മേല്‍ ആധിപത്യം പുലര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹം അമേരിക്കയെ ഓര്‍മിപ്പിച്ചു. സ്ഥാനപതി ഉദ്യോഗസ്ഥനായ ടോഡ് റോബിന്‍സണോടും അദ്ദേഹത്തിന്റെ സഹഉദ്യോഗസ്ഥനായ ബ്രിയാന്‍ നരന്‍ജോയോടും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്്. നിങ്ങളുടെ ചാരപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മതിയായിരിക്കുന്നു. വെനിസ്വേലയില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് വിലകുറച്ച് കാണിക്കാന്‍ രണ്ട് പേരും ശ്രമങ്ങള്‍ നടത്തുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധരായ പല സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാന്‍ രണ്ട് പേരും സമ്മര്‍ദം ചെലുത്തിയതായും ബ്രിയാന്‍ നരന്‍ജോ വെനിസ്വേലയിലെ സി ഐ എ മേധാവിയാണെന്നും നിക്കോളോ മാഡുറോ തുറന്നടിച്ചു.

കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ വോട്ടെടുപ്പ് നടന്ന രീതിയെ സംബന്ധിച്ച് വിമര്‍ശവും ഉയര്‍ന്നിരുന്നു. നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തിയില്ലെന്നാരോപിച്ച്, 14 അമേരിക്കന്‍ രാജ്യങ്ങള്‍ വെനിസ്വേലയിലെ സ്ഥാനപതിമാരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.