നദികളുടെ ആവാസ വ്യവസ്ഥ തകരുന്നു; 80 ശതമാനം കിണറുകളിലും മാലിന്യം

Posted on: May 24, 2018 6:02 am | Last updated: May 23, 2018 at 11:55 pm

തിരുവനന്തപുരം: ജലസ്രോതസ്സുകളിലെല്ലാം മാലിന്യം നിറയുകയാണെന്ന് സര്‍ക്കാറിന്റെ പരിസ്ഥിതി ധവളപത്രം. കിണറുകളില്‍ 80 ശതമാനവും വിസര്‍ജ്യങ്ങളില്‍ കാണുന്ന ബാക്ടീരിയകളുണ്ടെന്നും കേരളത്തിലെ നദികളെല്ലാം രൂക്ഷമായ നിലവാരത്തകര്‍ച്ച നേരിടുകയാണെന്നും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ജൈവവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കാന്‍ നടപടിയെടുക്കും. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പരിസ്ഥിതിയുടെ സവിശേഷതകളും ആഘാതവും പഠിക്കും. ഇതിനനുസരിച്ച് പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ മേഖലകളില്‍ കേന്ദ്രീകരിക്കണമെന്ന് തീരുമാനിക്കും.

സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കുകയാണ് ലക്ഷ്യം. ധവളപത്രത്തിന്റെ തുടര്‍ പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിച്ച് അതിന്റെ പുരോഗതി അവലോകനം ചെയ്യാനും കാലാകാലങ്ങളില്‍ പരിഷ്‌കരിക്കാനും പ്രത്യേക സമിതി രൂപവത്കരിക്കും. വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണവും ജനകീയ പങ്കാളിത്തവും ഉറപ്പാക്കും.
സംസ്ഥാനത്തെ 44 നദികളില്‍നിന്നുള്ള ജലവിഭവത്തിന്റെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 65 ലക്ഷം കിണറുകള്‍ ഉണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകള്‍. 80 ശതമാനം കിണറുകളും വിസര്‍ജ്യ വസ്തുക്കളില്‍ കാണുന്ന ബാക്ടീരിയകളാല്‍ മലിനമാണ്. 11,309 ചതുരശ്ര കിലോമീറ്ററാണ് വനമുള്ളത്.

2013ലെ ദേശീയ വനസര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനിബിഡ വനവും നിബിഡ വനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇടവിട്ട വനം 1,423 ചതുരശ്ര കിലോ മീറ്റര്‍ വര്‍ധിച്ചു. ആകെയുള്ള വനപ്രദേശത്തിന്റെ 13 ശതമാനം തോട്ടങ്ങളാണ്. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി 1.61 ലക്ഷം ഹെക്ടറാണ്. ആകെ 4,354 തണ്ണീര്‍ത്തടങ്ങള്‍. സംസ്ഥാനത്തെ കണ്ടല്‍ വനങ്ങളുടെ വിസ്തൃതി 2009നെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. 2009ല്‍ അഞ്ച് ചതുരശ്ര കിലോ മീറ്ററായിരുന്നു കണ്ടല്‍ കാടുകള്‍. 2015ലെ സര്‍വേ പ്രകാരം ഒമ്പത്് ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ കാടുണ്ട്.
മണല്‍ ഖനനം, കൈയേറ്റം, കൃഷിയിടങ്ങളില്‍ നിന്ന് ഒഴുകിവരുന്ന രാസപദാര്‍ഥങ്ങള്‍, ജനവാസകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലവും ഖരമാലിന്യവും, ജലസസ്യങ്ങളുടെ അനിയന്ത്രിതമായ വ്യാപനം തുടങ്ങിയവയെല്ലാം കേരളത്തിലെ നദികളുടെ ആവാസ വ്യവസ്ഥയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. നീര്‍ത്തടപ്രദേശത്തെ വനനശീകരണം, നദീയോട് ചേര്‍ന്നുള്ള സസ്യലതാദികളുടെ നാശം എന്നിവ നദിയുടെ ആവാസവ്യവസ്ഥക്ക് സമ്മര്‍ദമുണ്ടാക്കുന്ന മറ്റ് ഘടകങ്ങളാണ്.

വിസര്‍ജ്യങ്ങള്‍ എല്ലാ നദികളെയും മലിനമാക്കുന്നുണ്ട്. നദീതീരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്നുള്ള മലിനീകരണവും സംസ്‌കരിക്കാത്ത നഗരമാലിന്യങ്ങളും നദികളെ കൂടുതല്‍ മലിനമാക്കുന്നു. വ്യവസായ മാലിന്യം, ലോഹപദാര്‍ഥങ്ങള്‍ തുടങ്ങിയവ വേമ്പനാട് തണ്ണീര്‍ത്തടത്തിലുണ്ടാക്കുന്ന മലിനീകരണം ചെറുതല്ലെന്നും ധവളപത്രം ചൂണ്ടിക്കാണിക്കുന്നു.

നിര്‍മാണമേഖലക്കാവശ്യമായ പുഴ മണലിന്റെ ക്ഷാമം പലപ്പോഴും വിവേചനരഹിതമായ മണല്‍ഖനനത്തിന് ഇടയാക്കുന്നു. നിര്‍മാണമേഖലയെ പരിഗണിച്ചുകൊണ്ട് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് പരിശോധിക്കും.

നെല്‍വയലുകളുടെ വിസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടറായിരുന്നു. 2014- 15ല്‍ അത് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഉത്പാദനക്ഷമതയും ചുരുങ്ങി. ഒരു ഹെക്ടറിന് 2.837 ടണ്‍ നെല്ലാണ് ലഭിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യ പോഷാകാഹാര സുരക്ഷയെ ഇത് ബാധിച്ചിട്ടുണ്ട്. നമ്മുടെ വിളകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ഖരമാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. ഖരമാലിന്യം നമ്മുടെ കുടിവെള്ള ലഭ്യതയെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. പ്രദേശികമായി 90,563 മാലിന്യസംസ്‌കരണ പദ്ധതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

വായുമലിനീകരണം സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. വാഹനഗതാഗതം, വ്യവസായം, നിരത്തിലെ പൊടിപടലങ്ങള്‍ എന്നിവയാണ് പ്രധാനമായും വായുവിനെ മലിനമാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്നും ധവളപത്രം പറയുന്നു.