വിമാനയാത്രക്കാരുടെ കരട് അവകാശ രേഖ; പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹം

  • ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാളും 24 മണിക്കൂര്‍ വിമാനം വൈകുമെന്ന് അറിയിക്കുകയോ നാല് മണിക്കൂറിലധികം വിമാനം വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും തിരികെ നല്‍കണം
  • രണ്ട് ആഴ്ചക്കുള്ളിലോ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പോ വിമാനം റദ്ദാക്കിയതായി യാത്രക്കാരെ വിവരമറിയിക്കുകയാണെങ്കില്‍ ബുക്ക് ചെയ്ത സമയത്തിന്റെ രണ്ട് മണിക്കൂറിനുള്ളില്‍ വരുന്ന മറ്റ് വിമാനങ്ങളില്‍ സീറ്റ് അനുവദിക്കുകയോ യാത്രക്കാരന്‍ അംഗീകരിക്കുന്ന പക്ഷം ടിക്കറ്റിന്റെ പണം തിരികെ നല്‍കുകയോ വേണം
Posted on: May 23, 2018 11:29 pm | Last updated: May 23, 2018 at 11:29 pm

ദുബൈ: ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ, വിമാന യാത്രക്കാരുടെ അവകാശം സംബന്ധിച്ച ചാര്‍ട്ടിന്റെ കരട് രേഖ പ്രവാസികള്‍ക്ക് അനുഗ്രഹം. കാന്‍സലേഷന്‍ ഫീസ്, കണക്റ്റിംഗ് വിമാനങ്ങള്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന നഷ്ടപരിഹാരം, വിമാനങ്ങളില്‍ വൈ ഫൈ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ആദ്യം കരട് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ അവകാശങ്ങള്‍ പ്രാബല്യത്തില്‍ വരും.

രണ്ട് ആഴ്ചക്കുള്ളിലോ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പോ വിമാനം റദ്ദാക്കിയതായി യാത്രക്കാരെ വിവരമറിയിക്കുകയാണെങ്കില്‍ ബുക്ക് ചെയ്ത സമയത്തിന്റെ രണ്ട് മണിക്കൂറിനുള്ളില്‍ വരുന്ന മറ്റ് വിമാനങ്ങളില്‍ സീറ്റ് അനുവദിക്കുകയോ യാത്രക്കാരന്‍ അംഗീകരിക്കുന്ന പക്ഷം ടിക്കറ്റിന്റെ പണം തിരികെ നല്‍കുക, ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാളും 24 മണിക്കൂര്‍ വിമാനം വൈകുമെന്ന് അറിയിക്കുകയോ നാല് മണിക്കൂറിലധികം വിമാനം വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും ഏയര്‍ലൈന്‍ യാത്രക്കാരന് തിരികെ നല്‍കണം, വിമാനം വൈകിയത് കാരണം പിറ്റേ ദിവസമാണ് പറക്കുന്നതെങ്കില്‍ യാത്രകാരന് സൗജന്യമായി ഹോട്ടല്‍ താമസം വിമാനക്കമ്പനി അധികമായി നല്‍കണം എന്നിവയും കണക്റ്റിംഗ് വിമാനങ്ങള്‍ നഷ്ടപെടുമ്പോഴുള്ള നഷ്ടപരിഹാരവും കരട് നിര്‍ദേശിക്കുന്നുണ്ട്.

മൂന്ന് മണിക്കൂറിലധികം വൈകുകയാണെങ്കില്‍ 5,000 രൂപ, നാല് മണിക്കൂറ് മുതല്‍ 12 മണിക്കൂര്‍ വരെ വൈകുകയാണെങ്കില്‍ 10,000 രൂപ, 12 മണിക്കൂറില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ 20,000 രൂപയും കമ്പനി നല്‍കണം. അംഗവൈകല്യമുള്ള യാത്രക്കാര്‍ക്ക് മുമ്പിലെ സീറ്റുമായി കൂടുതല്‍ അകലത്തിലുള്ള സീറ്റുകള്‍ നല്‍കണമെന്നും കരട് വ്യക്തമാക്കുന്നുണ്ട്.

ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനകം പേരുകള്‍ തിരുത്തുന്നതിന് അധിക ചര്‍ജ്ജ് ഇടാക്കാന്‍ പാടില്ലെന്നും ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനുള്ള ചാര്‍ജ് ടിക്കറ്റില്‍ അടയാളപ്പെടുത്തിയിരിക്കണമെന്നും കരടില്‍ പറയുന്നു. വിമാനങ്ങളില്‍ വൈഫൈ സംവിധാനം നല്‍കാമെന്നും കരട് വ്യക്തമാക്കുന്നുണ്ട്. കരട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകരാം നല്‍കിയേക്കുമെന്നാണ് സൂചന. പ്രവാസികളടക്കമുള്ള വിമാനയാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നിര്‍ദേശമാണ് കരടിലുള്ളത്.