സഹായമഭ്യര്‍ഥിച്ച് സഹോദരന്റെ വീഡിയോ അര്‍ബുദ ബാധിതനായ സ്വദേശിയുടെ ചികിത്സാ ചെലവ് ശൈഖ് മുഹമ്മദ് ഏറ്റു

Posted on: May 23, 2018 11:26 pm | Last updated: May 23, 2018 at 11:26 pm

ദുബൈ: അര്‍ബുദ രോഗ ബാധിതനായ സ്വദേശിക്കു അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായം. ചികിത്സാ ചെലവ് പൂര്‍ണമായും വഹിക്കാമെന്നു ശൈഖ് മുഹമ്മദ് അറിയിച്ചു. ബാങ്കോക്കില്‍ ചികിത്സക്ക് വിധേയനായ സഹോദരന് വേണ്ടി ഒരു സ്വദേശി സമൂഹ മാധ്യമത്തില്‍ സഹായ അഭ്യര്‍ഥന നടത്തിയിരുന്നു.

ഒരു മാസമായി അര്‍ബുദ ബാധിതനായി എന്റെ സഹോദരന്‍ ഹംദാന്‍ ചികിത്സയിലാണ്. ഇവിടെ ചികിത്സാ ചെലവ് ഭീമമാണ്. ഹംദാന്റെ മെഡിക്കല്‍ റിപ്പോര്‍ട് യു എ ഇ സ്ഥാനപതി കാര്യാലയത്തിന് സമര്‍പിച്ചിട്ടുണ്ട്. താങ്ങാനാവാത്ത ചികിത്സാ ചെലവിന് എന്റെ സഹോദരങ്ങളോടും നേതാക്കളോടും അഭ്യര്‍ഥന നടത്താനെ കഴിയുളളൂ. ഓരോ തവണയും 9,000 മുതല്‍ 10,000 വരെ ദിര്‍ഹം ചെലവാകുന്നുണ്ട്. സ്വദേശി സഹോദരന്‍ വ്യക്തമാക്കി. രണ്ടര മണിക്കൂറിനു ശേഷം ഇയാള്‍ വീണ്ടും സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാ ചെലവുകളും ശൈഖ് മുഹമ്മദ് ഏറ്റുവെന്ന് അറിയിപ്പു ലഭിച്ചു. ശൈഖ് മുഹമ്മദിന്റെ വിശാല മനസ്‌കതക്കും ദയാവായ്പിനും നന്ദിയുണ്ട്.