ശ്മശാനം നടത്തിപ്പുകാര്‍ വിസമ്മതിച്ചു; മൃതദേഹം പുറത്ത് കിടന്നത് ഒന്നര മണിക്കൂര്‍

Posted on: May 23, 2018 6:05 am | Last updated: May 23, 2018 at 12:47 am

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥ. രാജന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ മാവൂര്‍ റോഡ് ഇലക്ട്രിക് ശ്മശാനം നടത്തിപ്പുകാര്‍ വിസമ്മതിച്ചു. രാവിലെ മൃതദേഹം സംസ്‌ക്കരിക്കാന്‍ എത്തിയ ബന്ധുക്കളോട് സാങ്കേതിക തകരാറുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ ഇവിടെ തന്നെയുള്ള മറ്റ് രണ്ട് സാധാരണ ശ്മശാനങ്ങളില്‍ ദഹിപ്പിക്കാന്‍ ബന്ധുക്കള്‍ സമീപിച്ചുവെങ്കിലും സംസ്‌ക്കരിക്കാനാവില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജീവനക്കാര്‍. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്ക് രോഗം പടരുമെന്ന തെറ്റായ ധാരണയിലാണ് ജീവനക്കാര്‍ സഹകരിക്കാത്തതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

എന്നാല്‍ ജീവനക്കാരുടെ നടപടിക്കെതിരെ പരാതിപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണമുണ്ടായില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിച്ചു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോര്‍പ്പറേഷന്‍ അധികൃതരും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ജീവനക്കാരുമായി സംസാരിച്ചെങ്കിലും അവര്‍ തയ്യാറായില്ല. ഇതിനിടെ ഐവര്‍ മഠം ശ്മശാനത്തിലെ ജീവനക്കാരുടെ സഹായം തേടാന്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്മശാനത്തില്‍ നേരിട്ടെത്തി മൃതദേഹം സംസ്‌കരിച്ചു.

ഇതിനിടെ തര്‍ക്കങ്ങള്‍ക്കിടയില്‍ ഒന്നര മണിക്കൂറാണ് രാജന്റെ മൃതദേഹം ആംബുലന്‍സില്‍ പുറത്ത് കിടന്നത്. ചങ്ങോരത്ത് നിപ്പാ ബാധിച്ച് മരിച്ച സഹോദരങ്ങള്‍ ചികിത്സയിലായിരുന്ന സമയത്ത് രാജനും ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. രാജന് ഇവിടെ നിന്നാവും വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. രോഗം പടരുമെന്ന ആശങ്ക മുന്‍ നിര്‍ത്തി മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹവും മാവൂര്‍ റോഡ് ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌ക്കരിച്ചത്. ഇതിനിടെ കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചെന്ന തെറ്റായ പ്രചാരണങ്ങളാണ് മൃതദേഹ സംസ്‌ക്കരണത്തിനും തടസ്സം സൃഷ്ടിച്ചത്.