Connect with us

Kerala

അധിക ഇന്ധന നികുതി ഉപേക്ഷിക്കാന്‍ കേരളം

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വിലയില്‍ നിന്ന് സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ കേരളം തയ്യാറാകുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സൂചന നല്‍കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെയൊരു സൂചനയുള്ളത്. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തേക്കും. രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി പ്രതിദിനം വര്‍ധിക്കുന്ന ഇന്ധന വിലക്കെതിരെ സംസ്ഥാനങ്ങള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ഇതോടൊപ്പം സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ നിന്ന് ഈടാക്കുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിനെതിരായ പ്രക്ഷോഭത്തിന് മുന്നോടിയായാണ് മന്ത്രിയുടെ നിര്‍ദേശം.
ഇന്ധനത്തില്‍ നിന്നുള്ള അധിക നികുതി കുറക്കില്ലെന്ന നേരത്തെയുള്ള നിലപാടില്‍ മാറ്റം വരുത്തിയാണ് ധനമന്ത്രിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിലും പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതിയില്‍ കുറവ് വരുത്താനാകില്ലെന്ന് നേരത്തെ ഐസക് വ്യക്തമാക്കിയിരുന്നു.

ക്രമാതീതമായ ഇന്ധന വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാററിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നാല്‍ മാത്രമേ കേന്ദ്രം ഇന്ധനവില കുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കൂവെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
അതേസമയം, എണ്ണക്കമ്പനികള്‍ ഇന്ധനവില തുടര്‍ച്ചയായ ഒമ്പതാം ദിവസവും വര്‍ധിപ്പിച്ചു.