Connect with us

Kerala

രാത്രി ഡ്യൂട്ടിക്ക് പോയ അമ്മയെ കാത്ത് റിഥുലും സിദ്ധാര്‍ഥും

Published

|

Last Updated

പേരാമ്പ്ര: മരുന്നും ചികിത്സയുമില്ലാത്ത ലോകത്തേക്ക് ലിനി പോയതറിയാതെ റിഥുലും സിദ്ധാര്‍ഥും. രാത്രി ജോലി കഴിഞ്ഞ് പതിവ് പോലെ വരാറുള്ള അമ്മയെ തിരക്കുകയാണ് അഞ്ച് വയസ്സുകാരന്‍ റിഥുലും രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥും. വൈറസ് രോഗം പിടിപെട്ട് കാണാക്കയത്തിലേക്ക് അമ്മ മറഞ്ഞത് അവര്‍ അറിഞ്ഞിട്ടേയില്ല.

മൂന്ന് ദിവസമായി അമ്മയെ കാണുന്നില്ലെങ്കിലും ആശുപത്രിത്തിരക്കിലാണെന്നൊക്കെ പറഞ്ഞ് ആ കുട്ടികളെ വിശ്വസിപ്പിക്കുകയായിരുന്നു വീട്ടുകാര്‍. സിദ്ധാര്‍ഥ് അമ്മയെ വിളിച്ച് ഇടക്കിടെ കരയുന്നുവെങ്കിലും ഉടനെയെത്തുമെന്ന് പറഞ്ഞ് ബന്ധുക്കള്‍ സമാധാനിപ്പിക്കുകയാണ്. ഇത് എത്ര നാള്‍ തുടരുമെന്ന കാര്യത്തില്‍ ചങ്ക് പിടയുകയാണ് വീട്ടിലെത്തുന്നവര്‍ക്ക്. നിപ്പ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം ഏറ്റുവാങ്ങി മരണം വരിച്ച ലിനിയുടെ വീട്ടിലെത്തിയാല്‍ ആരുടെയും കരളലിയും.

സഹജീവി സ്‌നേഹം മാത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നഴ്‌സിംഗ് മേഖലയിലേക്കുള്ള അവളുടെ കാലെടുത്തുവെക്കലിന് പിന്നിലെന്ന് ലിനിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നു.

നീണ്ട ആശുപത്രി വാസത്തിനും ചികിത്സക്കും ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പേ അച്ഛന്‍ മൂന്ന് പെണ്‍മക്കളെ അനാഥമാക്കി മരിച്ചതോടെയാണ് ലിനി ആതുര ശുശ്രൂഷാ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. നല്ല ഒരു നഴ്‌സ് ആവാന്‍ ജനറല്‍ നഴ്‌സിംഗ് പോരെന്ന് കണ്ട് ബെംഗളൂരു പവന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിന്ന് ബി എസ് സി നഴ്‌സിംഗും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനായെടുത്ത ബേങ്ക് വായ്പ പോലും ഏറെ പ്രയാസപ്പെട്ട് ലിനിയും കുടുംബവും ഈയിടെയാണ് അടച്ച് തീര്‍ത്തത്. ഇതിന്റെ ബാധ്യതകള്‍ ഇപ്പോഴും ബാക്കി.

കോഴിക്കോട് മിംസ് അടക്കമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കിയെങ്കിലും ലോണ്‍ തിരിച്ചടക്കാന്‍ കടം വാങ്ങേണ്ട അവസ്ഥയായിരുന്നു. ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാറിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും ആരും ചെവി കൊണ്ടില്ല. ബേങ്ക് അധികൃതര്‍ നോട്ടീസയച്ചതോടെ മറ്റ് വഴിയില്ലാതെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനത്തിന് ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ലിനി. അതിനിടെയാണ് നിപ്പാ വൈറസിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും രോഗീപരിചരണത്തില്‍ മുന്നിലായിരുന്നു ലിനി സിസ്റ്ററെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നു. സ്വന്തം ജീവനാണ് ഇതിന് ലിനി വിലകൊടുക്കേണ്ടി വന്നത്.

ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ക്കും വെന്റിലേറ്ററിലായിരുന്ന ഇവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ രോഗവിവരമറിഞ്ഞ് ബഹ്‌റൈനിലായിരുന്ന ഭര്‍ത്താവ് വടകര പൂത്തൂര്‍ സ്വദേശി സജീഷ് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി. വെന്റിലേറ്ററില്‍ കിടിക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ സതീഷിന് അവസരം ലഭിച്ചിരുന്നു. നിപ്പാ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം ആരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു. ലിജിയും ലിഷിയുമാണ് ലിനിയുടെ സഹോദരങ്ങള്‍.