ബയേണിനെ വീഴ്ത്തി ഫ്രാങ്ക്ഫര്‍ട്ടിന് ജര്‍മന്‍ കപ്പ്

Posted on: May 21, 2018 6:14 am | Last updated: May 21, 2018 at 12:35 am

ബെര്‍ലിന്‍: ജര്‍മന്‍ കപ്പ് കിരീടപ്പോരില്‍ അട്ടിമറി ! ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിച്ച് എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ട് കപ്പുയര്‍ത്തി. ബെര്‍ലിനിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബയേണിനെതിരേ ഫ്രാങ്ക്ഫര്‍ട്ടിന്റെ വിജയം.

ഇരട്ട ഗോള്‍ നേടിയ ആന്റെ റേബിക്കാണ് ഫ്രാങ്ക്ഫര്‍ട്ടിന്റെ ഹീറോ. 11, 82 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ മിജാട്ട് ഗാസിനോവിക്ക് ഫ്രാങ്ക്ഫര്‍ട്ടിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 53ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഇതോടെ കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റില്‍ കൈയെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ അട്ടിമറി വിജയത്തോടെ സ്വന്തമാക്കാനും ഫ്രാങ്ക്ഫര്‍ട്ടിന് കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ജര്‍മന്‍ കപ്പ് കിരീടപ്പോരില്‍ ഫ്രാങ്ക്ഫര്‍ട്ട് 1-2ന് ബൊറൂസിയ ഡോട്മുണ്ടിനോട് പരാജയപ്പെടുകയായിരുന്നു. 1988നു ശേഷം ആദ്യമായാണ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പില്‍ മുത്തമിടുന്നത്. ഇത്തവണ ചാമ്പ്യന്‍മാരായതോടെ ജര്‍മന്‍ കപ്പില്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ കിരീടനേട്ടം അഞ്ചായി. ബയേണ്‍ കോച്ച് ഹെയിന്‍കസിന് കരിയറിലെ അവസാന മത്സരം പരാജയത്തിന്റെ കയ്‌പേറിയതായി.