Connect with us

International

ക്യൂബന്‍ വിമാനാപകടം; ബ്ലാക് ബോക്‌സ് കണ്ടെടുത്തു; 110 പേര്‍ മരിച്ചതായി സ്ഥിരീകരണം

Published

|

Last Updated

ഹവാന: ക്യൂബയില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 110 പേര്‍ മരിച്ചതായി ക്യൂബന്‍ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും ഇവരെ ഹവാനയിലെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ബോയിംഗ് 737 വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നത്.

39 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണ വിമാനം വൈദ്യുതി ലൈനില്‍ കുടുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പത് ജീവനക്കാരുള്‍പ്പെടെ 113 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അതിനിടെ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വിമാനം തകര്‍ന്നുവീണതിന്റെ യഥാര്‍ഥ കാരണം ഇത് പരിശോധിച്ച ശേഷം മാത്രമേ കൃത്യമായി പറയാനാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

മെക്‌സി ക്കന്‍ കമ്പനിയില്‍ നിന്ന് ക്യൂബന്‍ സര്‍ക്കാര്‍ വാടകക്കെടുത്ത് പറത്തുന്ന വിമാനമാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്യൂബാന ഡി ഏവിയേഷനാണ് വിമാന സര്‍വീസ് നടത്തുന്നത്.

Latest