കത്വ കേസ്: പ്രതി സമര്‍പ്പിച്ചത് വ്യാജരേഖ

Posted on: May 21, 2018 6:03 am | Last updated: May 20, 2018 at 11:54 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സമര്‍പ്പിച്ചത് വ്യാജരേഖയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖയാണ് വ്യാജമാണെന്ന് തെളിഞ്ഞത്. കേസില്‍ പ്രതിയായ വിശാല്‍ ജംഗോത്ര സംഭവ സമയം മീറത്തിലായിരുന്നുവെന്നും അത് തെളിയിക്കുന്നതിനായി പരീക്ഷാ രജിസ്റ്ററില്‍ ഒപ്പുവെച്ചതാണ് ഹാജരാക്കിയത്. എന്നാല്‍, ഒപ്പുകള്‍ തമ്മില്‍ യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസിന്റെ റിപ്പോര്‍ട്ട് ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ചിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിശാലിന്റെ മൂന്ന് സുഹൃത്തുക്കള്‍ക്ക് നോട്ടീസ് അയച്ചു. ക്രൈം ബ്രാഞ്ച് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂന്ന് സുഹൃത്തുക്കളും സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിശാല്‍ പരീക്ഷാ രജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടില്ലെന്നും മറ്റൊരാളാണ് ഒപ്പ് വെച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.