ഫ്രാന്‍സ് നേടിയ കപ്പുണ്ടല്ലോ, അതൊരു ട്രിക്കായിരുന്നു !

Posted on: May 20, 2018 11:30 am | Last updated: May 20, 2018 at 11:30 am
SHARE

1998 ല്‍ ലോകകപ്പ് ആതിഥേയരായ ഫ്രാന്‍സ് ചാമ്പ്യന്‍മാരായതിന് പിറകില്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്ന് സാക്ഷാല്‍ മിഷേല്‍ പ്ലാറ്റീനി ! ഫ്രാന്‍സ് ലോകകപ്പിന്റെ മുഖ്യ സംഘാടകനായിരുന്നു പ്ലാറ്റീനി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് ഫുട്‌ബോള്‍ ലെജന്‍ഡായ പ്ലാറ്റീനി ആ കളികളെ കുറിച്ച് പറഞ്ഞപ്പോള്‍ പലരും ഒന്ന് ഞെട്ടി. ഫിഫ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. എല്ലാം പ്ലാറ്റീനിയുടെ വിടുവായത്തമായി മാത്രം കണ്ടാല്‍ മതിയെന്ന മട്ടിലാണ് ഫിഫ. നേരത്തെ യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റീനി ഫിഫയിലെ അഴിമതിക്കേസില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ട് കഴിയുകയാണിപ്പോള്‍.

റഷ്യയിലെ ലോകകപ്പ് ആരവത്തിനിടെ ഫ്രാന്‍സ് ബ്ലൂ സ്‌പോര്‍ട് റേഡിയോക്ക് അഭിമുഖം നല്‍കിയപ്പോഴാണ് പ്ലാറ്റീനി 1998 ലോകകപ്പ് ഡ്രോയില്‍ നടത്തിയ മറിമാറിയത്തെ കുറിച്ച് സൂചിപ്പിച്ചത്.
ടോപ് സീഡിംഗുള്ള എട്ട് ടീമുകളില്‍ ബ്രസീലും ഫ്രാന്‍സും ആദ്യസ്ഥാനങ്ങളിലായിരുന്നു. ഈ ടീമുകള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ ഫൈനലില്‍ മാത്രം ഏറ്റുമുട്ടുന്ന രീതിയില്‍ ഗ്രൂപ്പ് നിര്‍ണയം നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചു. നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന നിലയില്‍ ബ്രസീല്‍ എ ഗ്രൂപ്പില്‍ ഇടം പിടിച്ചപ്പോള്‍ ഫ്രാന്‍സിനെ സി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. ഇതായിരുന്നു പ്ലാറ്റീനിയും സംഘവും നടത്തിയ ആ മറിമായം.

ആ പ്ലാനിംഗ് പ്രകാരം തന്നെ എല്ലാം നടന്നു. ബ്രസീലും ഫ്രാന്‍സും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. അവിടെ പിഴച്ചിരുന്നെങ്കില്‍ ഫൈനലിന് മുമ്പേ ബ്രസീല്‍-ഫ്രാന്‍സ് പോരാട്ടത്തിന് സാധ്യതയുണ്ടായേനെ. കിരീടം നേടാന്‍ ഏറ്റവും സാധ്യത റൊണാള്‍ഡോയുടെ ബ്രസീലിനായിരുന്നു എന്നതിനാലാണ് സംഘാടകര്‍ ഫ്രാന്‍സിനെ ഫൈനല്‍ വരെ സുരക്ഷിതമാക്കാന്‍ ഡ്രോയില്‍ ഒരു കളി കളിച്ചത്.
ഫൈനലില്‍ സിനദിന്‍ സിദാന്‍ തകര്‍ത്താടിയപ്പോള്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞു.
1986 ലോകകപ്പിന് ശേഷമുള്ള എല്ലാ ചാമ്പ്യന്‍ഷിപ്പിലും (2002 ഒഴികെ-ജപ്പാനും കൊറിയയും ആതിഥേയരായിരുന്നതിനാല്‍) ആതിഥേയരെ സംരക്ഷിച്ചു കൊണ്ടുള്ള ഡ്രോയല്ലേ ഇവിടെ നടന്നിട്ടുള്ളതെന്നും പ്ലാറ്റീനി ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here