Connect with us

Gulf

ജിദ്ദയില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ റമസാന്‍ ഏഴിന് തുറക്കും

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ റമസാന്‍ ഏഴിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍. ലോകത്തിലെ മികച്ച എന്‍ജിനീയറിങ് പദ്ധതിയായി 2015 ല്‍ നടന്ന എട്ടാമത് രാജ്യാന്തര പശ്ചാത്തല വികസന ഫോറം ജിദ്ദ വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ എല്ലാ ആഭ്യന്തര വിമാനങ്ങളും സര്‍വീസുകളും പുതിയ ടെര്‍മിനല്‍ വഴിയാവും സര്‍വീസ് നടത്തുക. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ലോകമെങ്ങുമുള്ള ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ കവാടമായി മാറും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവര്‍, ഇരുനൂറ്റി ഇരുപത് കൗണ്ടറുകള്‍, എണ്‍പത് സെല്‍ഫ് സര്‍വീസ് മെഷിന്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ്റി ഇരുപത് മുറികള്‍ ഉള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി അഞ്ച് ലോഞ്ചുകള്‍, നാല്‍പ്പത്തിയാറ് ഗേറ്റുകള്‍, നാല് നിലകളിലായി 8200 വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം, ലഗേജുകള്‍ പരിശോധിക്കുന്നതിനുള്ള 32 എക്‌സ്‌റേ മെഷീനുകളും ലഗേജുകള്‍ നീക്കം ചെയ്യുന്നതിന് 33 കിലോമീറ്റര്‍ നീളത്തിലുള്ള കണ്‍വെയര്‍ ബെല്‍റ്റുകളും 132 ലിഫ്റ്റുകളുമാണ് പുതിയ ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ പ്രതിവര്‍ഷം 50 മില്യണ്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

 

സിറാജ് പ്രതിനിധി, ദമാം