സി ബി എസ് ഇ ഫലം വരുന്നതിന് മുമ്പേ പ്ലസ്‌വണ്‍ അപേക്ഷകര്‍ നാലര ലക്ഷം കവിഞ്ഞു

Posted on: May 19, 2018 6:27 am | Last updated: May 18, 2018 at 11:32 pm

മലപ്പുറം: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമായി പ്ലസ് വണ്‍ അപേക്ഷകര്‍ നാലര ലക്ഷം കവിഞ്ഞു. 4,52,274 അപേക്ഷകരാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിച്ചത്. ഇവരില്‍ 4,36,575 പേരും കേരള സിലബസില്‍ എസ് എസ് എല്‍ സി എഴുതിയവരാണ്. 573 അപേക്ഷകള്‍ സി ബി എസ് ഇ വിദ്യാര്‍ഥികളുടേതാണ്. ഐ സി എസ് ഇ സിലബസിലുള്ള 4,235 പേരും മറ്റ് ഇതര സിലബസുകളില്‍ യോഗ്യത നേടിയ 10,891 പേരും അപേക്ഷിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. 78,490 പേരാണ് മലപ്പുറത്ത് അപേക്ഷ നല്‍കിയത്. 11,606 പേരാണ് വയനാട് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മറ്റ് ജില്ലകളിലെ അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍: കോഴിക്കോട് (45,884), പാലക്കാട് (44,013), തൃശൂര്‍ (38,092), തിരുവനന്തപുരം (36,187), എറണാകുളം (35,682), കൊല്ലം (33,735), ആലപ്പുഴ (26,139), കോട്ടയം (23,210), കാസര്‍കോട് (17,586), പത്തനംതിട്ട (14,857), ഇടുക്കി (13291).

ഈമാസം 30 വരെയാണ് അപേക്ഷിക്കാനുള്ള തീയതി. അപേക്ഷ സമര്‍പ്പിച്ച ആകെ വിദ്യാര്‍ഥികളില്‍ 2,49,546 വിദ്യാര്‍ഥികളുടെ അപേക്ഷകളുടെ വെരിഫിക്കേഷന്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്നലെ അവസാനിപ്പിക്കേണ്ട അപേക്ഷാ സമര്‍പ്പണം സി ബി എസ് ഇ ഫലം പുറത്തുവരാത്തതിനാല്‍ നീട്ടുകയായിരുന്നു.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 4,22,853 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം ഇപ്പോള്‍ തന്നെ സീറ്റിനേക്കാള്‍ അരലക്ഷത്തോളം കൂടുതലാണ്. മലപ്പുറത്താകും സീറ്റ് ക്ഷാമം ഏറ്റവും കൂടുതലുണ്ടാവുക. 77,922 വിദ്യാര്‍ഥികളാണ് ഇത്തവണ ഇവിടെ പത്താം ക്ലാസ് വിജയിച്ചത്. എന്നാല്‍ പ്ലസ് വണ്‍ സീറ്റുകള്‍ 58,131 മാത്രമാണ്. ഇപ്പോള്‍ തന്നെ ഇരുപതിനായിരത്തോളം അപേക്ഷകര്‍ ജില്ലയില്‍ കൂടുതലാണ്. സി ബി എസ് ഇ ഫലം കൂടി എത്തുന്നതോടെ അര ലക്ഷത്തോളം കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ലാത്ത സാഹചര്യമാകും മലപ്പുറത്തുണ്ടാകുക. ഇതേ സമയം ചില ജില്ലകളില്‍ സീറ്റിനേക്കാള്‍ കുറവ് അപേക്ഷകരുമുണ്ട്. മലപ്പുറത്തും കോഴിക്കോടുമായിരിക്കും സീറ്റ് ക്ഷാമം കൂടുതലായി അനുഭവപ്പെടുക. ഇതിന് സീറ്റ് വര്‍ധനവ് മാത്രമാണ് പരിഹാരമായിട്ടുള്ളത്.