Connect with us

International

നജീബ് റസാഖിന്റെ വസതികളില്‍ റെയ്ഡ്; കോടികളുടെ സമ്പത്ത് കണ്ടെത്തി

Published

|

Last Updated

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വസ്തുക്കള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കായി വാഹനത്തില്‍ കയറ്റുന്നു

ജക്കാര്‍ത്ത: മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തി. കാശുകള്‍ നിറച്ച ബാഗുകള്‍, നിരവധി ആഭരണങ്ങള്‍, വിലയേറിയ വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ക്വലാലംപൂരിലെ നജീബ് റസാഖിന്റെ വസതിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും നടന്ന റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ലക്ഷ്വറി ഐറ്റംസ് മാത്രം നിറച്ച 284 പെട്ടികള്‍ വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ കണ്ടെടുത്തതായി മലേഷ്യയിലെ സ്റ്റാര്‍ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ ഉത്തരവ് പ്രകാരമായിരുന്നു റെയ്ഡ്.

ഇപ്പോഴും റെയ്ഡ് തുടരുകയാണെന്നും ആറിലധികം കേന്ദ്രങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിസുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഒരു പെട്ടി തിരച്ചിലിനിടെ കണ്ടെത്തിയെങ്കിലും ഇതിന്റെ താക്കോല്‍ നഷ്ടപ്പെട്ടുവെന്നാണ് നജീബ് റസാഖിന്റെ പ്രതികരണം. അതുകൊണ്ട് ഇതുവരെയും ഇത് തുറക്കാനായിട്ടില്ല. കണ്ടെടുത്ത വസ്തുക്കള്‍ അഞ്ച് ട്രക്കുകളിലായാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്ന് സിംഗപ്പൂര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരോ പെട്ടിയിലും രണ്ട് ലക്ഷത്തിലധികം യു എസ് ഡോളര്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ആഭരണങ്ങള്‍ നിറച്ചുവെച്ച നിലയില്‍ 72 ബാഗുകളാണുള്ളത്. മൊത്തം കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Latest