യൂറോപ ലീഗ് സ്പാനിഷ് ക്ലബ്ബിന്, ആഹ്ലാദം ഫ്രാന്‍സിന് !

ഫൈനലുകളില്‍ തോല്‍ക്കുന്ന താരം എന്ന ദുഷ്‌പേര് ഗ്രിസ്മാന്‍ മാറ്റിയെടുത്തു. യൂറോപ ലീഗ് ഫൈനലില്‍ ഗ്രിസ്മാന്‍ താരമായപ്പോള്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഫ്രാന്‍സിന് ആഹ്ലാദിക്കാനുള്ള വകയായി
Posted on: May 18, 2018 6:29 am | Last updated: May 18, 2018 at 12:38 am
ഗ്രിസ്മാന്‍ യൂറോപ ലീഗ ട്രോഫി ഉയര്‍ത്തുന്നു

ലിയോണ്‍: ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സെയുടെ നെഞ്ചത്തേക്ക് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ നിറയൊഴിച്ചപ്പോള്‍ സന്തോഷിച്ചത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് ആരാധകര്‍ മാത്രമായിരിക്കില്ല. ലോകകപ്പ് ഫുട്‌ബോളിന് കച്ചകെട്ടുന്ന ഫ്രാന്‍സിന്റെ പടയാളികളും ആരാധകകൂട്ടവും ഗ്രിസ്മാന്റെ സ്‌കോറിംഗ് പവര്‍ കണ്ട് മതിമറന്നിട്ടുണ്ടാകും. ഗ്രിസ്മാന്‍ നേടിയ രണ്ട് ഗോളുകളും ഗാബി നേടിയ ഒരു ഗോളും ഉള്‍പ്പടെ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഴ്‌സെയെ തകര്‍ത്ത് യൂറോപ ലീഗ് ചാമ്പ്യന്‍മാരായി.

അര്‍ജന്റൈന്‍ പരിശീലകന്‍ ഡിയഗോ സിമിയോണിയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാനും വര്‍ഷങ്ങളായി കാത്തിരുന്ന മേജര്‍ കിരീട വിജയം. 2010ലും 2012 ലും അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ ലീഗ് സ്വന്തമാക്കിയിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ട് തവണ റയല്‍ മാഡ്രിഡിന് മുന്നില്‍ കിരീടം അടിയറ വെച്ചതിന്റെ നിരാശ യൂറോപ ലീഗ് ഉയര്‍ത്തിക്കൊണ്ട് സിമിയോണി മായ്ച്ചുകളഞ്ഞിരിക്കുന്നു. 21,49 മിനുട്ടുകളിലായിരുന്നു ഗ്രിസ്മാന്റെ ഗോളടി. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഗാബി മൂന്നാം ഗോള്‍ നേടിയതും ഗ്രിസ്മാന്റെ മികവില്‍. ഇതോടെ, മാന്‍ ഓഫ് ദ മാച്ച് പട്ടവും ഗ്രിസ്മാന്‍ സ്വന്തമാക്കി. സീസണില്‍ അത്‌ലറ്റിക്കോക്ക് വേണ്ടി ഗ്രിസ്മാന്‍ മുപ്പത് ഗോളുകളാണ് നേടിയത്.

കാത്തിരുന്ന നിമിഷം ആസ്വദിച്ച് ഗ്രിസ്മാന്‍

ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. ഇപ്പോള്‍ ഞാന്‍ എല്ലാം മറന്ന് ആഹ്ലാദിക്കട്ടെ. അത്‌ലറ്റിക്കോയുടെ ആരാധകവൃന്ദത്തിനൊപ്പം നൃത്തച്ചുവടുകള്‍ വെക്കേണ്ട സമയമാണിത്. ട്രാന്‍സ്ഫര്‍ റിപ്പോര്‍ട്ടുകളോട് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്റെ പ്രതികരണം ഇങ്ങനെയാണ്.

യൂറോപ ലീഗ് ഫൈനലില്‍ മാഴ്‌സെക്കെതിരെ ഇരട്ട ഗോളുകള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ഗ്രിസ്മാന്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം കരസ്ഥമാക്കി. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ താരമെന്ന വിശേഷണം ഗ്രിസ്മാന്‍ നിലനിര്‍ത്തി. മെസിയും സുവാരസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളം വാഴുന്ന സ്പാനിഷ് ഫുട്‌ബോളില്‍ ഗ്രിസ്മാനും തന്റെ പ്രഹരശേഷി തുടരെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ബാഴ്‌സലോണ റെക്കോര്‍ഡ് തുകക്ക് ഗ്രിസ്മാനെ സ്വന്തമാക്കാന്‍ തയ്യാറായിട്ടുണ്ട്. സീസണോടെ, ഫ്രഞ്ച് താരം അത്‌ലറ്റിക്കോ മാഡ്രിഡ് വിടുമെന്നാണ് റിപ്പോര്‍ട്ട്.

മെസി-സുവാരസ്-ഗ്രിസ്മാന്‍ (എം-എസ്-ജി) ത്രയത്തിനാണ് ബാഴ്‌സ കോപ്പ് കൂട്ടുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ എഴുതുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ഗ്രിസ്മാന്റെ ആദ്യ മേജര്‍ കിരീടമാണിത്. 2016 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതും യൂറോകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതും ഗ്രിസ്മാന് കനപ്പെട്ട രണ്ട് കിരീടവിജയങ്ങളാണ് നഷ്ടമാക്കിയത്.

ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സെയുടെ ആരാധകനായിരുന്നു ഗ്രിസ്മാന്‍. തന്റെ ബാല്യകാല ഹീറോകള്‍ കളിച്ച ക്ലബ്ബിനെയാണ് ഫൈനലില്‍ ഗ്രിസ്മാന്‍ വീഴ്ത്തിയത്. ഇതില്‍ വേദനയില്ലെന്നും കിരീടം നേടുന്നതില്‍ താന്‍ സ്വാര്‍ഥനാണെന്നും ഗ്രിസ്മാന്‍ പറഞ്ഞു.

പതിനാലാം വയസില്‍ ഞാന്‍ വീടുവിട്ടിറങ്ങിയതാണ്. കിരീടവിജയങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. കാത്തിരുന്ന കിരീടം ഇപ്പോഴാണ് കൈവന്നത് – ഗ്രിസ്മാന്‍ പറഞ്ഞു.

ഗ്രിസ്മാന് പകരം ആര് ?

മാഡ്രിഡിലെ നെപ്റ്റിയൂണ്‍ ഫൗണ്ടെയ്‌ന് ചുറ്റും അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിന്റെ ആരാധകര്‍ രാത്രി മായും വരെ നൃത്തം ചവിട്ടി. എന്നാല്‍, ആഗസ്റ്റ് 15ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായുള്ള യൂറോപ്യന്‍ സൂപ്പര്‍ കപ്പ് കളിക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വരുമ്പോള്‍ ഗ്രിസ്മാന്‍ ഒപ്പമുണ്ടാകുമോ എന്ന ആശങ്ക അവരെയെല്ലാം അലട്ടിയിട്ടുണ്ടാകണം.

കാരണം, ഗ്രിസ്മാന്‍ ബാഴ്‌സലോണയിലേക്ക് പോകുന്നതാണ് വലിയ ട്രാന്‍സ്ഫര്‍ ചര്‍ച്ച. നൂറ് ദശലക്ഷം യൂറോയുടെ കരാര്‍വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തു വരുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയഗോ സിമിയോണിയാകട്ടെ പകരക്കാരനെ കണ്ടെത്താനുള്ള ഓട്ടം ആരംഭിച്ചിട്ടുണ്ട്. ചെല്‍സിയുടെ അല്‍വാരോ മൊറാട്ട, പി എസ് ജിയുടെ എഡിന്‍സന്‍ കവാനി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യുറോ എന്നിങ്ങനെ പോകുന്നു സിമിയോണിയുടെ മനസിലെ പകരക്കാരുടെ നിര.

അത്‌ലറ്റിക്കോ മാഡ്രിഡിലാണ് മൊറാട്ട കരിയര്‍ ആരംഭിച്ചത്. അതിന് കാരണം മൊറാട്ടയുടെ മുത്തച്ഛന് അത്‌ലറ്റിക്കോയോടുള്ള ആരാധനയായിരുന്നു.

പിന്നീട് ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ജഴ്‌സിയിലും മൊറാട്ട കളിച്ചു. ജോസ് മൗറിഞ്ഞോ പരിശീലകനായിരുന്ന കാലത്താണത്. ഗ്രിസ്മാനെ പോലെ കംപ്ലീറ്റ് സ്‌ട്രൈക്കറാണ് മൊറാട്ട. എന്നാല്‍, ഡിയഗോ കോസ്റ്റയും മൊറാട്ടയും ഒരുമിക്കുന്നത് എത്രകണ്ട് ഗുണം ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

സ്‌പെയിന്‍ ടീമില്‍ ഇരുവരും കളിക്കുന്നുണ്ടെങ്കിലും 4-4-2 ശൈലിയിലല്ല എന്നത് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. അത്‌ലറ്റിക്കോ രണ്ട് സ്‌ട്രൈക്കര്‍മാരെ വെച്ചുള്ള അറ്റാക്കിംഗാണ് നടത്തുന്നത്.സിമിയോണിക്ക് ഇഷ്ടമുള്ള താരമാണ് ഉറുഗ്വെയുടെ കവാനി. പ്രായം കൂടുന്തോറും ഊര്‍ജസ്വലത വര്‍ധിച്ചുവരുന്ന താരമെന്നാണ് കവാനിയെ സിമിയോണി വിശേഷിപ്പിച്ചത്.