Connect with us

Sports

റെനാറ്റോയില്ലാതെ പറങ്കിപ്പട

Published

|

Last Updated

ലിസ്ബണ്‍: അടുത്ത മാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 35 അംഗ സാധ്യതാ ടീമിനെ പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ റെനറ്റോ സാഞ്ചാസിനെ പറങ്കിപ്പട പരിഗണിച്ചില്ല. പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടിയ ടീമില്‍ കളിച്ച താരം കൂടിയാണ് സാഞ്ചസ്. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ സ്വാന്‍സി സിറ്റിയിലെത്തിയ സാഞ്ചസിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതാണ് റഷ്യന്‍ ലോകകപ്പിനുള്ള സാധ്യത ടീമില്‍ നിന്ന് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സാഞ്ചസിനെ തഴയാന്‍ കാരണം. നിലവിലെ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന ടീമെന്ന നിലയില്‍ ശ്രദ്ധേയാണ് പറങ്കിപ്പട.

ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ 15ന് സ്‌പെയിന്‍, 20ന് മൊറോക്കോ, 25ന് ഇറാന്‍ എന്നിങ്ങനെയാണ് ഗ്രൂപ്പ്ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ മല്‍സരക്രമം.

ഇബ്രയില്ലാതെ സ്വീഡന്‍ വരുന്നു

അടുത്തമാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 23 അംഗ ടീമിനെ സ്വീഡന്‍ പ്രഖ്യാപിച്ചു. സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചില്ലാതെയാണ് സ്വീഡന്‍ റഷ്യന്‍ ലോകകപ്പിനെത്തുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇബ്രാഹിമോവിച്ച് റഷ്യന്‍ ലോകകപ്പിനുണ്ടാവില്ലെന്ന് കഴിഞ്ഞ മാസം സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ലോകോത്തര ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള 36 കാരനായ ഇബ്രാഹിമോവിച്ചും അറിയിക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങള്‍ക്കൊന്നും മുതിരാതെയാണ് സ്വീഡന്‍ കോച്ച് ജാനെ ആന്‍ഡേഴ്‌സന്‍ 23 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് സ്വീഡന്‍ പോരിനിറങ്ങുന്നത്. ജൂണ്‍ 18ന് ദക്ഷിണ കൊറിയ, 23ന് ജര്‍മനി, 27ന് മെക്‌സിക്കോ എന്നിവരുമായാണ് ഗ്രൂപ്പ്ഘട്ടത്തില്‍ സ്വീഡന്റെ മല്‍സരങ്ങള്‍.

ഗോള്‍കീപ്പര്‍മാര്‍: റോബിന്‍ ഓള്‍സന്‍ (എഫ്‌സി കോപന്‍ഹേഗന്‍), ക്രിസ്‌റ്റോഫര്‍ നോര്‍ഡ്‌ഫെല്‍റ്റ് (സ്വാന്‍സി), കാള്‍ ജോഹന്‍ ജോണ്‍സന്‍ (ഗുയിന്‍ഗംബ്). ഡിഫര്‍ഡേഴ്‌സ്: ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് (ക്രാസ്‌നോഡര്‍), വിക്ടര്‍ നില്‍സ്സന്‍ ലിന്‍ഡ്‌ലോഫ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), മിഖയേല്‍ ലസ്റ്റിങ് (കെല്‍റ്റിക്), ലുഡ്വിങ് ഓഗസ്റ്റിന്‍സന്‍ (വെര്‍ഡര്‍ ബ്രെമന്‍), പോന്റുസ് ജാന്‍സന്‍ (ലീഡ്‌സ്), എമില്‍ ക്രാഫ്ത് (ബൊലോന), ഫിലിപ് ഹെലാന്‍ഡര്‍ (ബൊലോന), മാര്‍ട്ടിന്‍ ഓല്‍സന്‍ (സ്വാന്‍സി).
മിഡ്ഫീല്‍ഡേഴ്‌സ്: സെബാസ്റ്റ്യന്‍ ലാര്‍സന്‍ (ഹള്‍സിറ്റി), ഗുസ്റ്റാവ് സ്വന്‍സന്‍ (സെറ്റ്ല്‍ സൗണ്‍ഡേഴ്‌സ്), ആല്‍ബിന്‍ എക്ഡല്‍ (ഹംബര്‍ഗ്), എമില്‍ ഫോര്‍സ്ബര്‍ഗ് (ലെയ്പ്‌സിങ്), വിക്ടര്‍ ക്ലാസ്സെന്‍ (ക്രാസ്‌നോഡര്‍), ജിമ്മി ഡര്‍മസ് (ടൗലോസ്), മാര്‍കസ് റോഹ്ഡന്‍ (ക്രൊട്ടോണ), ഒസ്‌കര്‍ ഹില്‍ജിമാര്‍ക് (ജെനോവ). ഫോര്‍വേഡ്‌സ്: മാര്‍കസ് ബെര്‍ഗ് (അല്‍ അയ്ന്‍), ജോഹന്‍ ഗുയിഡെറ്റി (ആല്‍വസ്), കിയെസെ ദെലിന്‍ (വാസ്‌ലന്‍ ബീവറെന്‍), ഒലടൊയ് ടോയ്‌വോനെന്‍ (ടൗലോസ്)

Latest