Connect with us

Sports

ഇംഗ്ലണ്ട് ഒരുങ്ങിത്തന്നെ !

Published

|

Last Updated

ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്

ലണ്ടന്‍: ക്ലബ്ബ് സീസണില്‍ ലിവര്‍പൂളിന്റെ കുതിപ്പിന് കരുത്തേകിയ പത്തൊമ്പതുകാരന്‍ ഡിഫന്‍ഡര്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇംഗ്ലണ്ട് ലോകകപ്പിനുള്ള 23 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.
യുവത്വത്തിനും ഊര്‍ജസ്വലതക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് താന്‍ ലോകകപ്പ് സ്‌ക്വാഡിനെ കണ്ടെത്തിയതെന്ന് സൗത്‌ഗേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഇംഗ്ലണ്ട് ദേശീയ ടീം കോച്ച് ഗാരെത് സൗത്‌ഗേറ്റിന്റെ സ്‌ക്വാഡില്‍ ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടും മിഡ്ഫീല്‍ഡര്‍ ജാക് വില്‍ഷറും ലെഫ്റ്റ് ബാക്ക് റയാന്‍ ബെര്‍ട്രന്‍ഡും ഇടം പിടിച്ചില്ല.

പതിനേഴ് മാസം മുമ്പ് ലിവര്‍പൂളിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. കോച്ച് യുര്‍ഗന്‍ ക്ലോപ് നല്‍കിയ ആത്മവിശ്വാസത്തില്‍ അര്‍നോള്‍ഡ് ലിവര്‍പൂളിന്റെ പ്രതിരോധക്കോട്ടയിലെ സിംഹമായി മാറി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂള്‍ ഈ പ്രതിരോധഭടനില്‍ കിരീടവിജയത്തിന്റെ വലിയ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു. കാരണം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാര്‍ക് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് അര്‍നോള്‍ഡിന് മുന്നിലുള്ളത്. മാര്‍ച്ചിലാണ് ഇംഗ്ലണ്ട് ക്യാമ്പിലേക്ക് ലിവര്‍പൂള്‍ യുവതാരത്തിന് ക്ഷണം ലഭിച്ചത്.

ലെഫ്റ്റ് ബാക്കില്‍ ഡാനി റോസും ആഷ്‌ലി യംഗും. പരുക്ക് അലട്ടിയതിനാല്‍ ടോട്ടനം ഹോസ്പറിനായി സീസണില്‍ ഒമ്പത് മത്സരങ്ങളേ കളിച്ചിട്ടുള്ളുവെങ്കിലും ഡാനി റോസിനെ കോച്ച് പരിഗണിച്ചു.

പ്രതിഭാശാലിയായ ആഷ്‌ലി യംഗും അര്‍നോള്‍ഡും ഡെല്‍ഫും ഉള്‍പ്പെടുന്ന പ്രതിരോധത്തില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് സൗത്‌ഗേറ്റ് 4-3-3, 3-4-3, 3-5-2 എന്നിങ്ങനെ വ്യത്യസ്ത ഫോര്‍മേഷനുകള്‍ പയറ്റും.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഗോളിയായിരുന്ന ജോ ഹാര്‍ട്ട് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനായി പുറത്തെടുത്ത കളി അത്ര മികച്ചതല്ലായിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി വായ്പയില്‍ വെസ്റ്റ്ഹാമിന് കൈമാറുകയായിരുന്നു. ജോര്‍ദാന്‍ പിക്‌ഫോഡ്്, ജാക് ബട്‌ലന്‍ഡ്, നിക് പോപ് എന്നിവരാണ് ടീമിലെ ഗോള്‍ കീപ്പര്‍മാര്‍.

ജാക് വില്‍ഷര്‍ അവസാനമായി ഇംഗ്ലണ്ടിന്കളിച്ചത് 2016 യൂറോ പ്രീക്വാര്‍ട്ടറിലാണ്. ആഴ്‌സണല്‍ ക്ലബ്ബില്‍ പരുക്കിന്റെ കാലമായിരുന്നു വില്‍ഷെറിനെ കാത്തിരുന്നത്.

എപ്പോഴും പരുക്കിന്റെ പിടിയിലാകുന്ന വില്‍ഷെറിനെ മാറ്റി നിര്‍ത്തി ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, എറിക് ഡയര്‍, റുബെന്‍ ലോഫ്റ്റസ് ചീക്, ജെസി ലിന്‍ഗാര്‍ഡ്, ഫാബിയന്‍ ഡെല്‍ഫ് എന്നീ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരെ പരിഗണിച്ചു. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സീസണ്‍ മുഴുവന്‍ ലെഫ്റ്റ് ബാക്ക് പൊസിഷനിലായിരുന്നു ഫാബിയന്‍ ഡെല്‍ഫ് കളിച്ചത്.

ഗോള്‍ കീപ്പര്‍മാര്‍ : ജാക് ബട്‌ലാന്‍ഡ് (സ്റ്റോക്), ജോര്‍ദാന്‍ പിക്ക്‌ഫോഡ് (എവര്‍ട്ടന്‍), നിക് പോപ് (ബണ്‍ലി).
ഡിഫന്‍ഡര്‍മാര്‍ : ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (ലിവര്‍പൂള്‍), കീരന്‍ ട്രിപിയര്‍ (ടോട്ടനം), ഡാനി റോസ് (ടോട്ടനം), ആഷ്‌ലി യംഗ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ഫാബിയന്‍ ഡെല്‍ഫ് (മാഞ്ചസ്റ്റര്‍ സിറ്റി), കൈല്‍ വാക്കര്‍ (മാഞ്ചസ്റ്റര്‍ സിറ്റി), ജോണ്‍ സ്‌റ്റോണ്‍സ്(മാഞ്ചസ്റ്റര്‍ സിറ്റി), ഹാരി മാഗ്വര്‍ (ലെസ്റ്റര്‍ സിറ്റി), ഗാരി കാഹില്‍ (ചെല്‍സി), ഫില്‍ ജോണ്‍സ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്).
മിഡ്ഫീല്‍ഡര്‍മാര്‍ : എറിക് ഡയര്‍ (ടോട്ടനം), ജെസി ലിന്‍ഗാര്‍ഡ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), റുബെന്‍ ലോഫ്റ്റസ് ചീക് (ചെല്‍സി), ഡെലെ ആലി (ടോട്ടനം), ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ (ലിവര്‍പൂള്‍).
ഫോര്‍വേഡ്‌സ് : ഹാരി കാന്‍ (ടോട്ടനം), ജാമി വര്‍ഡി (ലെസ്റ്റര്‍) മാര്‍കസ് റഷ്‌ഫോഡ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), റഹീം സ്‌റ്റെര്‍ലിംഗ് (മാഞ്ചസ്റ്റര്‍ സിറ്റി), ഡാനി വെല്‍ബെക്ക് (ആഴ്‌സണല്‍).

ഇംഗ്ലണ്ടിന്റെ മത്സര ഷെഡ്യൂള്‍

ജൂണ്‍ 2 നൈജീരിയ (സൗഹൃദ മത്സരം)
ജൂണ്‍ 7 കോസ്റ്ററിക്ക (സൗഹൃദ മത്സരം)
ജൂണ്‍ 12 ടീം റഷ്യയിലേക്ക് പുറപ്പെടും
ജൂണ്‍ 18 ടുണീഷ്യ (ലോകകപ്പ് ഗ്രൂപ്പ് മത്സരം)
ജൂണ്‍ 24 പനാമ (ലോകകപ്പ് ഗ്രൂപ്പ് മത്സരം)
ജൂണ്‍ 28 ബെല്‍ജിയം (ലോകകപ്പ് ഗ്രൂപ്പ് മത്സരം)