Connect with us

Ongoing News

ഡല്‍ഹിയില്‍ ബി ജെ പി ആഘോഷത്തിന് സഡന്‍ബ്രേക്ക്

Published

|

Last Updated

കര്‍ണാടകയില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് നടത്താനിരുന്ന ആഘോഷ പരിപാടി മാറ്റിവെച്ചപ്പോള്‍

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫല സൂചനകളില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിറകെ ആഘോഷത്തിന് തയ്യാറെടുത്തിരുന്ന ബി ജെ പിയുടെ ആസ്ഥാന മന്ദിരം ആരവങ്ങളൊഴിഞ്ഞ് അനാഥമായത് മണിക്കൂറുകള്‍ക്കുള്ളില്‍. വൈകിട്ട്് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മാധ്യമങ്ങളെ കാണുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ നിര്‍ണായക നീക്കങ്ങള്‍ക്ക് പിന്നാലെ അമിത് ഷാ വാര്‍ത്താ സമ്മേളനം റദ്ദാക്കി. പിന്നാലെ പ്രകാശ് ജാവദേകര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജെ പി നദ്ദ എന്നിവരെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം പൊളിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്താന്‍ കര്‍ണാടകത്തിലേക്കയക്കുയും ചെയ്തു.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിജായാഹ്ലാദ പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമായിരുന്നു ആദ്യ ഫല സൂചനകള്‍ക്ക് പിന്നാലെ ബി ജെ പി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അമിത് ഷാ വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി അറിയിച്ചതോടെ പ്രവര്‍ത്തകരും നേതാക്കളും ആരവങ്ങളടക്കി പാര്‍ട്ടി ആസ്ഥാനം വിട്ടു. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ആസ്ഥാനങ്ങളിലും ചെറുനഗരങ്ങളിലും ആഘോഷത്തിന് തയ്യാറെടുത്തിരുന്നുവെങ്കിലും ഭരണം ലഭിക്കില്ലെന്ന് കണ്ടതോടെ ആഘോഷങ്ങളൊഴിഞ്ഞ് പ്രവര്‍ത്തകര്‍ മടങ്ങി. അതേസമയം, ഫലസൂചനകളില്‍ വലിയ പ്രതീക്ഷകളില്ലാതിരുന്ന കോണ്‍ഗ്രസ് ആസ്ഥാനത്ത് ആളനക്കം തുടങ്ങുകയും ചെയ്തു.