Connect with us

Ongoing News

കോണ്‍ഗ്രസിന്റെ ലിംഗായത്ത് കാര്‍ഡ് ഏശിയില്ല

Published

|

Last Updated

ബെംഗളൂരു: ലിംഗായത്ത് കാര്‍ഡിറക്കി ഭരണത്തുടര്‍ച്ച നേടാമെന്ന കോണ്‍ഗ്രസ് തന്ത്രം ഫലം കണ്ടില്ല. ജനസംഖ്യയിലെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാറിന്റെ തീരുമാനം ലിംഗായത്തുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ലിംഗായത്ത് സ്വാധീന മേഖലകളിലെല്ലാം ബി ജെ പി മുന്നേറി. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള ഹൈദരാബാദ്- കര്‍ണാടക, മുംബൈ -കര്‍ണാടക മേഖലകളില്‍ വിജയം ബി ജെ പിക്കൊപ്പം ഉറച്ചുനിന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ലിംഗായത്തുകളെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍.

പ്രത്യേക മതന്യൂനപക്ഷ പദവിയെന്ന കാലങ്ങളായുള്ള ആവശ്യം നടപ്പാക്കിക്കൊടുക്കുമ്പോള്‍ മുതല്‍ സിദ്ധരാമയ്യ മനക്കോട്ടകെട്ടിയത് ബി ജെ പിയുടെ വോട്ടുബേങ്കായ ലിംഗായത്തുകളെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാമെന്നായിരുന്നു. പക്ഷേ, സിദ്ധരാമയ്യയുടെ ആ തന്ത്രം ദയനീയമായി പരാജയപ്പെട്ടു. കള്ളക്കഥകളുടെ കൂമ്പാരവുമായി പ്രചാരണത്തിനെത്തിയ മോദിയെയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായെയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സിദ്ധരാമയ്യ നേരിട്ടത് ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയ തീരുമാനത്തിലൂടെയായിരുന്നു. ഒന്നിച്ചുനിന്ന ലിംഗായത്തുകളെയും വീരശൈവരെയും രണ്ടായി പിളര്‍ത്തിയുള്ള സിദ്ധരാമയ്യയുടെ നീക്കം വിപരീത ഫലമാണുളവാക്കിയത്. ഹിന്ദുസമുദായത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ഇതിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് അമിത്ഷായും കൂട്ടരും രംഗത്തെത്തിയത്. ലിംഗായത്തുകളില്‍ കണ്ണുംപൂട്ടി വിശ്വാസമര്‍പ്പിച്ച് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചത് തിരിച്ചടിയായി.

---- facebook comment plugin here -----

Latest