Connect with us

National

ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം; സിപിഎമ്മുകാരായ ദമ്പതികളെ തീവെച്ചു കൊന്നു

Published

|

Last Updated

ആക്രമണത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരക്കെ അക്രമം. നോര്‍ത്ത് 24 പര്‍ഗാനയില്‍ സിപിഎം പ്രവര്‍ത്തകനെയും ഭാര്യയേയും തീവെച്ചു കൊന്നു. ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കൂച്ച് ബെഹാറില്‍ വോട്ട് ചെയ്യാനെത്തിയര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും പരുക്ക് ഗുരുതരമാണ്. വോട്ട് ചെയ്യാനെത്തിയ തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.

ബര്‍പ്പരയില്‍ വോട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വടിയുമായെത്തിയ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടഞ്ഞ് തിരിച്ചയക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. അസന്‍സോളില്‍ വ്യാപക ബോംബേറുണ്ടായി. ഇവിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് തീവെച്ചു.

വോട്ടെടുപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്. അസം, ഒഡീഷ, സിക്കിം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി 1500 പോലീസുകാരെയും സംസ്ഥാന പോലീസിലെ 46000 പേരേയും കൊല്‍ക്കത്ത പോലീസിലെ 12000 പേരേയും എക്‌സൈസ്, ജയില്‍, വനം വകുപ്പുകളിലെ രണ്ടായിരം ഉദ്യോഗസ്ഥരെയും സുരക്ഷക്ക് നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.