Connect with us

Sports

റയല്‍ ആറാടി

Published

|

Last Updated


ബെയ്ല്‍ ഗോള്‍ നേടുന്നു

മാഡ്രിഡ്: ലാ ലിഗ സീസണിലെ അവസാന ഹോം മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. ദുര്‍ബലരായ സെല്‍റ്റ ഡി വിഗോയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തുവിട്ടത്. ഗാരത് ബെയ്ല്‍ ഇരട്ട ഗോളുകള്‍ നേടി.

മത്സരത്തിന്റെ 13ാം മിനുട്ടില്‍ ഗാരത് ബെയ്‌ലിലൂടെ റയല്‍ മുന്നിലെത്തി. 30ാം മിനുട്ടില്‍ ബെയ്ല്‍ ലീഡ് ഉയര്‍ത്തി. തൊട്ടുപിന്നാലെ ഇസ്‌കോയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ റയല്‍ 3-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിലും റയല്‍ ആതിപത്യം തുടര്‍ന്നതോടെ സെല്‍റ്റ വന്‍ തോല്‍വിയേക്ക് പതിക്കുകയായിരുന്നു. 52ാം മിനുട്ടില്‍ ഹക്കിമിയും 81ാം മിനിറ്റില്‍ ടോണി ക്രൂസും റയലിനായി ലക്ഷ്യം കണ്ടു. 74ാം മിനിറ്റില്‍ സെല്‍റ്റയുടെ സെര്‍ജിയോ ഗോമസിന്റെ സെല്‍ഫ് ഗോള്‍ കൂടിയായതോടെ റയലിന്റെ ഗോള്‍ നേട്ടം ആറായി.

ക്രിസ്റ്റ്യാനോ റോണാള്‍ഡോ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് സിദാന്‍ റയലിനെ കളത്തിലിറക്കിയത്. ഇനി വിയ്യാ റയലുമായാണ് റയലിന്റെ അവസാന ലീഗ് മത്സരം. അതുകഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ നേരിടും.
അതേസമയം, ലീഗിലെ മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0ത്തിന് ഗെറ്റാഫെയേയും വലന്‍ഷ്യ 1-0ത്തിന് ജിറോനയേയുും വിയ്യാ റയല്‍ 4-2ന് ഡിപോര്‍ട്ടിവോ ലാ കൊരുണയേയും പരാജയപ്പെടുത്തി. സെവിയ്യ- റയല്‍ ബെറ്റിസ് മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.
എട്ടാം മിനുട്ടില്‍ കൊക്കെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി വിജയ ഗോള്‍ നേടിയത്. 36 മത്സരങ്ങളില്‍ 90 പോയിന്റുള്ള ബാഴ്‌സലോണ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.

37 മത്സരങ്ങളില്‍ 78 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും 75 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. 70 പോയിന്റുമായി വലന്‍ഷ്യ മൂന്നാമതും 60 പോയിന്റുള്ള വിയ്യറയല്‍ അഞ്ചാം സ്ഥാനത്തുമാണ്.