Connect with us

Sports

സിറ്റിക്ക് സെഞ്ച്വറി

Published

|

Last Updated

സിറ്റിക്കായി ഗോള്‍ നേടിയ ഗബ്രിയല്‍ ജീസസിന്റെ ആഹ്ലാദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നൂറ് പോയിന്റ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ കലാശപ്പോരാട്ടത്തില്‍ സൗതാപ്ടണിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി സെഞ്ച്വറി തികച്ചത്. സീസണില്‍ സ്വപ്‌നക്കുതിപ്പ് നടത്തിയ സിറ്റി നേരത്തെ തന്നെ കിരീടം സ്വന്തമാക്കിയിരുന്നു.

ലീഗില്‍ നൂറ് പോയിന്റ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് കോച്ച് പെപ് ഗോര്‍ഡിയോളയുടെ വാക്കുകളും സഫലമായി. എവേ മത്സരത്തില്‍ ഗബ്രിയല്‍ ജീസസാണ് വിജയ ഗോള്‍ നേടിയത്. അതും കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ. സീസണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന നേട്ടവും (32) സിറ്റി സ്വന്തമാക്കി.

മറ്റ് മത്സരങ്ങളില്‍ ആഴ്‌സണല്‍ 1-0ത്തിന് ഹഡ്ഡര്‍ഫീല്‍ഡ് ടൗണിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ത്തിന് വാട്‌ഫോഡിനേയും പരാജയപ്പെടുത്തിയപ്പോള്‍ ചെല്‍സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുനൈറ്റഡിനോട് പരാജയപ്പെട്ടു. പിയെറി എമെറിക് ഔബെമെയാംഗ് ആണ് ആഴ്‌സണലിന്റെ വിജയ ഗോള്‍ നേടിയത്.

2018ല്‍ പീരങ്കിപ്പട നേടുന്ന ആദ്യ എവേ ഗോള്‍ കൂടിയായിരുന്നു ഇത്. ജയത്തോടെ ഇതിഹാസ പരിശീലകന്‍ ആര്‍സെന്‍ വെംഗര്‍ക്ക് ആഴ്‌സണല്‍ താരങ്ങള്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കി. ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെയാണ് വെംഗര്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. 1996 ഒക്ടോബര്‍ ഒന്നിനാണ് വെംഗര്‍ ആഴ്‌സണലിന്റെ കോച്ചായെത്തുന്നത്. പ്രീമിയര്‍ ലീഗില്‍ 828 മത്സരങ്ങളില്‍ ആഴ്‌സണലിനൊപ്പം തുടര്‍ന്ന വെംഗറാണ് ഏറ്റവും കൂടുതല്‍ കാലം പ്രീമിയര്‍ ലീഗ് പരിശീലകനായിരുന്ന വ്യക്തി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ആധികാരിക ജയത്തോടെ ലിവര്‍പൂള്‍ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു. മുഹമ്മദ് സല, ലോറന്‍, സോളങ്കെ, റോബര്‍ട്‌സണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. സീസണില്‍ 32 ഗോളുകള്‍ നേടിയ സല ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കി. മികച്ച പ്ലേമേക്കര്‍ക്കുള്ള പുരസ്‌കാരം സിറ്റിയുടെ ഡിബ്രുയന് ലഭിച്ചു.
38 മത്സരങ്ങളില്‍ നിന്നാണ് സിറ്റി നൂറ് പോയിന്റ് സ്വന്തമാക്കിയത്. 81 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും 77 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തും 75 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തും നിലയുറപ്പിച്ചു. 70 പോയിന്റുള്ള ചെല്‍സിയാണ് അഞ്ചാം സ്ഥാനത്ത്.

മത്സരഫലം

ബേണ്‍ലി 1-
ബണ്‍മൗത്ത് 2

ക്രിസ്റ്റല്‍ പാലസ് 2-
വെസ്റ്റ് ബ്രോം 0

ഹഡര്‍ഫീല്‍ഡ് ടൗണ്‍ 0-
ആഴ്‌സണല്‍ 1

ലിവര്‍പൂള്‍ 4-
ബ്രെടണ്‍ 0

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-
വാട്‌ഫോഡ് 0

ന്യൂകാസില്‍ യൂനൈറ്റഡ് 1-
ചെല്‍സി 0

സൗതാപ്ടണ്‍ 0-
മാഞ്ചസ്റ്റര്‍ സിറ്റി 1

സ്വാന്‍സി സിറ്റി 1-
സ്റ്റോക്ക് സിറ്റി 2

ടോട്ടനം 5-
ലെസ്റ്റര്‍ സിറ്റി 4

വെസ്റ്റ് ഹാം 3-
എവര്‍ട്ടണ്‍ 1

Latest