ചിദംബരം കാത്തിരിക്കുന്നത് നവാസ് ശരീഫിന്റെ അവസ്ഥ: നിര്‍മല സീതരാമന്‍

Posted on: May 13, 2018 8:27 pm | Last updated: May 13, 2018 at 11:32 pm
നിര്‍മല സീതരാമന്‍, പി ചിദംബരം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരത്തിന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതരാമന്‍. വിദേശ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്ത ചിദംബരം കാത്തിരിക്കുന്നത് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അവസ്ഥയാണെന്നും ഈ വിഷയത്തില്‍ മുന്‍ യു പി എ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വിവിധ കുറ്റങ്ങള്‍ ചുമത്തിയതോടെ, നവാസ് ശരീഫിന്റെ അവസ്ഥയിലേക്കാണ് ചിദംബരവും പോകുന്നത്, നിര്‍മല ചൂണ്ടിക്കാട്ടി.

അതേസമയം ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങളെല്ലാം ചിദംബരം നേരത്തെ തള്ളിയിരുന്നു. കള്ളപ്പണം ഒളിപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് ചെന്നൈ കോടതിയില്‍ മെയ് 11ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലായി ചിദംബരത്തിനുള്ള സ്വത്ത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.