എടപ്പാള്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

Posted on: May 13, 2018 9:36 am | Last updated: May 13, 2018 at 3:41 pm

മലപ്പുറം: എടപ്പാളില്‍ സിനിമാ തിയേറ്ററിനുള്ളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോസ്‌കോ നിയമപ്രകാരം കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നേരത്തെ, പോലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞില്ലെന്നാണ് മാതാവിന്റെ മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ, പ്രതിയായ പാലക്കാട് തൃത്താല സ്വദേശി കണ്ണംകുന്നത്ത് മൊയ്തീന്‍ കുട്ടി(47) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഏപ്രില്‍ പതിനെട്ടിനാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ബാലപീഡനത്തിന് പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിന് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചങ്ങരകുളം എസ് ഐ. കെ ജി ബേബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. പീഡനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിന് നല്‍കിയിരുന്നു. ഈ പരാതി ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പോലീസിന് കൈമാറിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും പത്ത് വയസ്സുകാരിയായ മകളെയും കൊണ്ട് എടപ്പാള്‍ ശാരദ തിയേറ്ററില്‍ മൊയ്തീന്‍ കുട്ടി എത്തിയത്. സിനിമ കണ്ടുകൊണ്ടിരിക്കുന്ന രണ്ട് മണിക്കൂറോളമാണ് ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇരുവശങ്ങളിലായി ഇരുന്നിരുന്ന മാതാവിനെയും മകളെയും ഒരേ സമയം ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസി ടി വി ക്യാമറയില്‍ പതിഞ്ഞത്.

ദൃശ്യം തിയേറ്റര്‍ ജീവനക്കാര്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ സ്വകാര്യ ചാനല്‍ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പീഡനവാര്‍ത്ത പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പോക്‌സോ നിയമപ്രകാരം ചങ്ങരംകുളം പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തൃത്താലയിലെ ധനിക കുടുംബാംഗമായ ഇയാള്‍ ബെന്‍സ് കാറിലാണ് തിയേറ്ററില്‍ എത്തിയത്.