വീണ്ടും പോലീസ് അതിക്രമം; മുന്‍കൂര്‍ ജാമ്യം കിട്ടിയയാളെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു

Posted on: May 12, 2018 5:43 pm | Last updated: May 13, 2018 at 12:53 pm

കൊല്ലം: കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചയാളെ പോലീസ് അര്‍ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വേദേശി സൗന്തനെയാണ് പോലീസ് നിയമം ലംഘിച്ച് അറസ്റ്റ് ചെയ്തത്.

ബന്ധുവുമായുള്ള പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിലാണ കരുനാഗപ്പള്ളി പോലീസ് സൗന്തനെതിരെ കേസെടുത്തത്. ഈ കേസില്‍ കൊല്ലം സെഷന്‍സ് കോടതി സൗന്തന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും ഓട്ടിസ ബാധിതനായ മകനൊപ്പം കിടന്നുറങ്ങുകയായിരുന്ന സൗന്തനെ കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്‌ഐ മനാഫ് രാത്രി വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്യുകയായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി ജാമ്യ ഉത്തരവ് കാണിച്ചെങ്കിലും അഞ്ച് മണിവരെ ഇവരെ സ്‌റ്റേഷനിലിരുത്തി. പന്നീട് ബന്ധുക്കള്‍ അഭിഭാഷകനുമായി എത്തിയതോടെയാണ് സൗന്തനെ പോലീസ് വിട്ടയച്ചത്. എന്നാല്‍ ജാമ്യം കിട്ടിയ കാര്യം അറിയാത്തതാണ് അറസ്റ്റിന് കാരണമെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.