പോലീസും രാഷ്ട്രീയവും

Posted on: May 12, 2018 6:00 am | Last updated: May 11, 2018 at 11:40 pm

പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഭരണകക്ഷിയോടു വിധേയത്വം പ്രകടിപ്പിച്ചു പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ നടത്തിയതും സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്ത് അധിക്ഷേപിച്ചു കൊണ്ടുള്ള പ്രസംഗവുമെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തരശ്രദ്ധ ക്ഷണിച്ചു ഇന്റലിജന്‍സ് എ ഡി ജി പി. ടി കെ വിനോദ്കുമാറാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കു റിപ്പോര്‍ട്ട് നല്‍കിയത്. നിയമാവലിപ്രകാരം പോലീസ് അസോസിയേഷന്‍ രാഷ്ട്രീയേതര സംഘടനയാണെങ്കിലും അതു മറികടന്ന് സംഘടനയുടെ ലോഗോയിലെ നിറം മാറ്റവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

രക്തസാക്ഷി സ്തൂപങ്ങള്‍ നിര്‍മിച്ചു പുഷ്പചക്രം അര്‍പ്പിച്ച ശേഷം ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ചായിരുന്നു പല അസോസിയേഷന്‍ സമ്മേളനങ്ങളുടെയും തുടക്കം. ജോലിയുടെ ഭാഗമായി ജീവന്‍ നഷ്ടമായ പോലീസുദ്യോഗസ്ഥരെ അനുസ്മരിക്കാനും അഭിവാദ്യമര്‍പ്പിക്കാനും സേനയില്‍ ഔദ്യോഗിക സംവിധാനങ്ങളുണ്ടെങ്കിലു അത് അവഗണിക്കുകയായിരുന്നു. സമ്മേളനങ്ങളില്‍ ഔദ്യോഗിക പദവികളില്ലാത്ത ഭരണകക്ഷി നേതാക്കളെ പങ്കെടുപ്പിക്കുകയുമുണ്ടായി. ചിലയിടങ്ങളില്‍ ചുവന്ന വേഷത്തില്‍ പ്രത്യേക ബ്ലോക്കായാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇരുന്നത്. ഇതെല്ലാം പോലീസിന്റെ നിഷ്പക്ഷതക്കു നിരക്കാത്തതും സേനയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഇന്റലിജന്‍സ് ഓര്‍മപ്പെടുന്നു.

കോടതികളും പലപ്പോഴായി പോലീസിന്റെ രാഷ്ട്രീയാതിപ്രസരത്തെ വിമര്‍ശിച്ചിട്ടുണ്ട്. 2014 ജൂലൈയില്‍ പയ്യോളി മനോജ് വധക്കേസ് സി ബി ഐക്ക് വിടണമെന്ന ഹരജി പരിഗണിക്കവെ പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നതായും ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. പോലീസിന്റെ ഇത്തരം പ്രവര്‍ത്തനമാണ് കൊലപാതക കേസുകള്‍ പലതും സി ബി ഐക്കു കൈമാറേണ്ട അവസ്ഥയുണ്ടാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ രാഷ്ട്രീയ നിറം നോക്കിയാണ് പോലീസ് പല കേസുകളിലും അന്വേഷണ രീതി നിശ്ചയിക്കുന്നത്.

എല്ലാ കാലത്തും ഭരണകക്ഷിക്കനുകൂലമായ നിലപാട് സ്വീകരിക്കുകയെന്നതാണ് പോലീസ് അസോസിയേഷന്റെ രീതി. എല്‍ ഡി എഫ് ഭരണ കാലത്തും യു ഡി എഫ് ഭരണ കാലത്തും പോലീസ് ഭരണകക്ഷിയുടെ ചട്ടുകമായി മാറുന്നതായി പരാതി ഉയരാറുണ്ട്. ഇത്തരം പരാതികള്‍ക്കിട വരുത്താത്ത രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് ഉദ്യോഗസ്ഥര്‍. സേനയില്‍ ചേരുന്നതിനു മുമ്പ് പല രാഷ്ട്രീയ കാഴ്ചപ്പാടുകളുമുണ്ടാകും. സേനയുടെ ഭാഗമാകുന്നതോടെ അതെല്ലാം മാറ്റി വെച്ചു കൃത്യനിര്‍വഹണത്തില്‍ മാത്രം ശ്രദ്ധപതിപ്പിക്കുകയും പ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത പാലിക്കുകയും വേണം. കുറ്റകൃത്യങ്ങള്‍ ആര് നടത്തിയാലും മുഖം നോക്കാതെ, കക്ഷി പരിഗണ കൂടാതെ നടപടി സ്വീകരിക്കണം. അസോസിയേഷന്‍ പോലെയുള്ള പൊതുവേദികളില്‍ കക്ഷിത്വ സങ്കുചിതത്വം കടന്നു വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പോലീസില്‍ മാത്രമല്ല, ഭരണത്തിന്റെ സര്‍വ ഇടങ്ങളിലും ഉദ്യോഗ രംഗത്തും തൊഴില്‍ മേഖലയിലും സഹകണ പ്രസ്ഥാനങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം കടന്നുവന്നിട്ടുണ്ട് രാഷ്ട്രീയാതിപ്രസരം. ഇത് സംസ്ഥാനത്തിന് ഒരു ശാപമായി മാറിയിരിക്കയാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പരിഗണിക്കുന്നത് ഭരിക്കുന്ന കക്ഷിയേതെന്ന് നോക്കിയാണ്. എതിര്‍ കക്ഷിക്കാരെങ്കില്‍ സഹായങ്ങളും ആനുകൂല്യങ്ങളും പരമാവധി വെട്ടിക്കുറക്കുകയും വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുകയും ചെയ്യും. സമത്വവും നീതിയും ഫെഡറലിസവുമെല്ലാം ഇവിടെ കടങ്കഥയാണ്. ഉദ്യോഗസ്ഥ മേഖലയിലെ രാഷ്ട്രീയാതിപ്രസരവും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനമാണ്. ഓഫീസ് സമയം സംഘടനാ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നവരാണ് പലരും. സഹകരണസംഘങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ മാറിമാറിവരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ പോലും തേടുന്നു. എതിര്‍കക്ഷി ഭരിക്കുന്ന സംഘത്തെ സ്വന്തം പക്ഷത്തെത്തിക്കാന്‍ കൈയൂക്കു പോലൂം കാണിക്കാറുണ്ട്. സംസ്ഥാനത്തെ ഉന്ന ത വിദ്യാഭ്യാസത്തിന്റെ അപചയത്തിനു മുഖ്യ കാരണം വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയാതിപ്രസരമാണ്. അധികമായാല്‍ അമൃതും വിഷമെന്നാണല്ലോ. രാഷ്ട്രീയം ആവശ്യമാണ്. പക്ഷേ, അധികമായാല്‍ അത് നാടിനെയും സമൂഹത്തെയും കാര്‍ന്നുതിന്നുന്ന വിഷമായി മാറുകയാണ്. പോലീസ് സേനയില്‍ വിശേഷിച്ചും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. രാഷട്രീയത്തെ അതിന്റെ വേദികളില്‍ ഒതുക്കുകയും മറ്റു വേദികളെ അതിനായി ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.