നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റുകളുടെ ഹരജി ഹൈക്കോടതി തള്ളി

Posted on: May 11, 2018 2:57 pm | Last updated: May 11, 2018 at 7:04 pm

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച് മാനേജ്‌മെന്റുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് മാനേജ്‌മെന്റുകളുടെ ഹരജി തള്ളിയത്. തങ്ങളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ മനിമം വേതനം നിശ്ചയിച്ചതെന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. നഴ്‌സിങ് ഇതര ജീവനക്കാരുടേയും ശമ്പളം പരിഷ്‌ക്കരിച്ചിരുന്നു. ഇതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.