ഇരുനൂറ് തത്തകളുമായി നാടോടി സ്ത്രീകളെ പിടികൂടി

Posted on: May 11, 2018 6:15 am | Last updated: May 11, 2018 at 12:19 am
പിടികൂടിയ തത്തകള്‍

ആലപ്പുഴ: സേലത്തുനിന്ന് വില്‍പ്പനക്കായി കടത്തിയ ഇരുനൂറ് തത്തകളെ റെയില്‍വേ സുരക്ഷാ വിഭാഗം ആലപ്പുഴയില്‍ നിന്ന് പിടികൂടി. ഇന്നലെ രാവിലെ ആറിന് ബഗല്‍-കൊച്ചുവേളി എക്‌സ്പ്രസിലെത്തിയ സേലം സ്വദേശിനികളായ വിശാലാക്ഷി (54), പുനിത (55) എന്നിവരില്‍ നിന്നാണ് തത്തകളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാവിഭാഗം എസ് ഐ. സി എന്‍ ശശിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് കൂടുകളിലായി മൂന്ന് മാസം പ്രായമുള്ള തത്തകളെ കണ്ടെത്തിയത്.

കൂട്ടില്‍ ഞെരുങ്ങിയമര്‍ന്നു കഴിഞ്ഞിരുന്ന തത്തകളില്‍ പലതും മൃതപ്രായമായിരുന്നു. വില്‍പ്പന നടത്താനാണ് തത്തകളെ ആലപ്പുഴയില്‍ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒരെണ്ണത്തിന് 200 രൂപ പ്രകാരമാണ് വില്‍പ്പന നടത്തിയിരുന്നത്. തത്തകളെയും പിടിയിലായ സേലം സ്വദേശിനികളെയും റാന്നി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. പരിശോധനയില്‍ സി പി ഒമാരായ കെ സുനീഷ്, ശാന്താ റാവു പങ്കെടുത്തു.