കാര്‍ഷിക വിളകളുടെ ജില്ലാ ക്ലസ്റ്റര്‍: റബ്ബറും കുരുമുളകും നാളികേരവും കശുമാവും പുറത്ത്

Posted on: May 10, 2018 6:08 am | Last updated: May 10, 2018 at 12:17 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക കയറ്റുമതി നയത്തിന്റെ കരടില്‍ 22 ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച അമ്പത് ജില്ലാ ക്ലസ്റ്ററുകളില്‍ സംസ്ഥാനത്തിന് അവഗണന. കേരളത്തിലെ പ്രധാനപ്പെട്ട നാണ്യവിളകളെല്ലാം പുറത്തായ ക്ലസ്റ്ററുകളില്‍ ഇഞ്ചി, പൈനാപ്പിള്‍ എന്നിവക്ക് മാത്രമാണ് കേരളത്തില്‍ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കശുമാവ്, കുരുമുളക്, നാളികേരം, തേയില, റബ്ബര്‍, മഞ്ഞള്‍ തുടങ്ങിയ അന്താരാഷ്ട്ര വിപണിയില്‍ പ്രാധാന്യമുള്ള കേരളത്തിലെ പ്രധാന വിളകളാണ് രാജ്യത്തെ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നയത്തിലെ ഒരു ക്ലസ്റ്ററിലും ഉള്‍പ്പെടാതെ പോയത്. കേരളത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതും കയറ്റുമതി സാധ്യതയുളളതുമായ ഉത്പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകള്‍ രൂപവത്കരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇക്കാര്യം ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന വിവിധ വിളകള്‍ക്ക് അവയുടെ ജില്ലകളില്‍ ക്ലസ്റ്റര്‍ അനുവദിക്കണമെന്ന ആവശ്യം മന്ത്രിസഭ കേന്ദ്ര സര്‍ക്കാറിനോട് ഉന്നയിച്ചിട്ടുണ്ട്. റബ്ബര്‍ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും മാങ്ങയുടെ ക്ലസ്റ്ററില്‍ വയനാടിനെയും മഞ്ഞള്‍ ക്ലസ്റ്ററില്‍ വയനാട്, ആലപ്പുഴ ജില്ലകളെയും കശുമാവിന് കാസര്‍കോട് ജില്ലയെയും കുരുമുളകിന് വയനാട് ജില്ലയെയും നാളികേരത്തിന് കോഴിക്കോട് ജില്ലയെയും തേയിലക്ക് ഇടുക്കി ജില്ലയെയും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നാണ് മന്ത്രിസഭാ യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്.