Connect with us

Articles

കര്‍ണാടകയിലെ മോദി - രാഹുല്‍ യുദ്ധം

Published

|

Last Updated

കര്‍ണാടക നിയമസഭയിലേക്കുള്ള വിധിയെഴുത്തിന് ഇനി രണ്ട് നാള്‍ മാത്രം ബാക്കി. മെയ് 12നാണ് തിരഞ്ഞെടുപ്പ്. 5.12 കോടി വരുന്ന വോട്ടര്‍മാരാണ് അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിന് വിധിയെഴുതുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 223 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തില്‍ ജയിച്ച് കയറാന്‍ കോണ്‍ഗ്രസും ബി ജെ പിയും സര്‍വ തന്ത്രങ്ങളും പയറ്റിയാണ് പോര്‍ക്കളത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. കര്‍ണാടക ജയിച്ചാല്‍ അടുത്ത പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തന്‍ ഊര്‍ജം പകരും. മറിച്ചായാല്‍ ഇന്ദ്രപ്രസ്ഥം വീണ്ടും പിടിക്കുക എന്നതിന് ബി ജെ പിക്ക് വലിയ രീതിയില്‍ വിയര്‍പ്പൊഴുക്കേണ്ടിവരില്ല.

വര്‍ഗീയ ധ്രുവീകരണത്തിലൂടെ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബി ജെ പി നടത്തിയ നീക്കത്തെ ജാതി കാര്‍ഡും കന്നഡ വികാരവും ഉയര്‍ത്തിയാണ് സിദ്ധരാമയ്യ പ്രതിരോധിച്ചത്. തീരദേശജില്ലകളിലാണ് ഹിന്ദുവോട്ട് ധ്രുവീകരണം ബി ജെ പി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മറ്റ് മേഖലകളില്‍നിന്നു വ്യത്യസ്തമാണ് തീരദേശം. വടക്കന്‍ കര്‍ണാടകയിലും മൈസൂരു മേഖലയിലും ജാതിയാണ് നിര്‍ണായക ശക്തി. എന്നാല്‍, തീരദേശജില്ലകളില്‍ വര്‍ഗീയ ചേരിതിരിവുകളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ തവണ ബി ജെ പിയുടെ ഹിന്ദുവോട്ട് ധ്രുവീകരണത്തെ തള്ളി ഇവിടങ്ങളില്‍ ആധിപത്യം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇക്കുറി ഇതല്ല സ്ഥിതി. ബി ജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു ഇവിടെ. വര്‍ഗീയപരാമര്‍ശങ്ങളിലൂടെ വിവാദമുണ്ടാക്കുന്ന ശോഭ കരന്തലജെയും കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയും ക്യാമ്പ് ചെയ്തുള്ള പ്രചാരണമാണ് നടത്തിയത്. മുന്‍കാലങ്ങളില്‍ ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘര്‍ഷങ്ങളും ഇവിടെ അരങ്ങേറിയിരുന്നു. മൈസൂരു മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിച്ചത്.
ദളിതുകള്‍ക്കെതിരായ അക്രമവും കത്വ സംഭവുമൊക്കെ ദളിത്- മുസ്‌ലിം പിന്നാക്ക വോട്ടുകളുടെ ഏകീകരണത്തിലേക്ക് വഴി വെക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ സ്‌കോര്‍ നിലയായിരിക്കും ഉയരുക. ഇതിലൂടെ 30 ശതമാനം വോട്ടുകള്‍ ലഭിച്ചാല്‍ കോണ്‍ഗ്രസിന് വിധാന്‍ സൗധയിലേക്കുള്ള വഴി എളുപ്പാമാകും. എടുത്തുപറയത്തക്ക ഭരണ വിരുദ്ധ വികാരമോ സര്‍ക്കാറിനെതിരെ അഴിമതി ആരോപണങ്ങളോ ഇല്ലെന്നതാണ് സിദ്ധരാമയ്യ സര്‍ക്കാറിനുള്ള അനുകൂല ഘടകങ്ങള്‍. ഭരണവിരുദ്ധ വികാരം ഇല്ലായെന്നതിന് തെളിവാകുകയാണ് ഭൂരിഭാഗം സര്‍വേ ഫലങ്ങളും. പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ മിക്കതും കോണ്‍ഗ്രസിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടക ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം ശക്തമായി. മോദി പ്രഭാവത്തിലൂടെ ഭരണത്തിലേറാമെന്ന ബി ജെ പിയുടെ വ്യാമോഹത്തെ അസ്ഥാനത്താക്കുന്നതാണ് രാഹുലിന്റെ പര്യടന കേന്ദ്രങ്ങളിലെ അഭൂതപൂര്‍വമായ ജനസാഗരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഒന്നിനുപിറകെ ഒന്നായി തിരിച്ചടി നേരിടേണ്ടി വന്ന ദുരവസ്ഥയിലാണ് ബി ജെ പി പാളയം.

പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിയ കോണ്‍ഗ്രസിനെ മറികടക്കാന്‍ അവസാന നാളുകളില്‍ റാലികളുടെ എണ്ണം വര്‍ധിപ്പിച്ച് മോദിയെ തന്നെ ബി ജെ പി രംഗത്തിറക്കിയെങ്കിലും വിവാദങ്ങളുടെ ഘോഷയാത്രയാണ് പാര്‍ട്ടി അഭിമുഖീകരിച്ചത്. ലിംഗായത്ത് വിഷയവും റെഡ്ഢി സഹോദരന്മാരുമായുള്ള ബാന്ധവവും ഉള്‍പ്പെടെ നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തില്‍ വരെ എത്തിനിന്നു പാര്‍ട്ടിക്കേറ്റ തിരിച്ചടികള്‍. 1948ലെ പാക് യുദ്ധത്തിന് ശേഷം മുന്‍ കരസേനാ മേധാവി ജനറല്‍ തിമ്മയ്യയെ നെഹ്‌റുവും വി കെ കൃഷ്ണ മേനോനും അപമാനിച്ചെന്ന മോദിയുടെ പ്രസ്താവന വന്‍വിവാദമാണ് ക്ഷണിച്ചുവരുത്തിയത്. 50,000 കോടി രൂപയുടെ ഖനന അഴിമതി ആരോപണം നേരിടുന്ന ജനാര്‍ദന റെഡ്ഢിയുടെ സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കുമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എട്ട് സീറ്റുകള്‍ നല്‍കിയ ബി ജെ പിയുടെ നടപടി കോണ്‍ഗ്രസ് ശക്തമായ പ്രചാരണ വിഷയമാക്കി. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള ശിപാര്‍ശ കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് വിട്ടപ്പോള്‍ വെട്ടിലായത് ബി ജെ പിയാണ്. ഇവര്‍ ആര്‍ക്കൊപ്പം നിലകൊണ്ടുവെന്നറിയണമെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം. മകന് സീറ്റ് നിഷേധിച്ച തീരുമാനം മനസ്സില്ലാ മനസ്സോടെയാണ് യെദ്യൂരപ്പയും അനുയായികളും സ്വീകരിച്ചത്. ഇത് യെദ്യൂരപ്പ അനുയായികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതിന്റെ അനുരണനങ്ങള്‍ ബി ജെ പിയെ വിടാതെ പിന്തുടരുമെന്ന് ഉറപ്പ്.

ദീര്‍ഘകാലം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയാണെങ്കിലും ഇത്തവണ ഭരണത്തിന്റെ ഭാഗമാവാന്‍ കഴിയുക എന്നത് ജനതാദള്‍- എസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. രാമകൃഷ്ണ ഹെഗ്‌ഡെക്ക് ശേഷം അതിന്റെ ബാറ്റണ്‍ കൈയാളുന്ന ദേവഗൗഡയുടെ പാര്‍ട്ടി ഇന്ന് മക്കള്‍ പാര്‍ട്ടിയായി ചുരുങ്ങിയിട്ടുണ്ട്. ഹാസന്‍, മൈസൂരു മേഖലകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ള വേരോട്ടം. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരികയാണെങ്കില്‍ ജനതാദള്‍ – എസിന്റെ നിലപാടായിരിക്കും നിര്‍ണായകമാവുക. ഭരണം നിയന്ത്രിക്കുന്ന കിംഗ് മേക്കറാകാമെന്ന് സ്വപ്‌നം കണ്ടിരിക്കുകയാണ് ഇപ്പോള്‍ ദേവഗൗഡയും കുമാരസ്വാമിയും. ജനതാദള്‍- എസിന് മുന്നില്‍ പച്ചപ്പരവതാനി വിരിച്ചിട്ട് നരേന്ദ്രമോദി ദേവഗൗഡയെ പുകഴ്ത്തുന്നതിനും പിന്നീട് തള്ളിപ്പറയുന്നതിനും പ്രചാരണരംഗം സാക്ഷ്യം വഹിച്ചു. ബി ജെ പിയുടെ ബി ടീമായി ജെ ഡി എസിനെ മുദ്രകുത്തിയാണ് സിദ്ധരാമയ്യ പ്രചാരണം ആരംഭിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ജനതാദള്‍- എസ് ബി ജെ പിയെ പിന്തുണക്കുന്ന സ്ഥിതിയുണ്ടാവുകയാണെങ്കില്‍ പാര്‍ട്ടിയുടെ കേരളഘടകം ദേവഗൗഡയോടൊപ്പം ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 11 മുതല്‍ 13 ശതമാനം വരെയാണ്. 13 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകളും മൂന്ന് ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളുമാണ് കോണ്‍ഗ്രസിന്റെ ബലം. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബേങ്കുകളാണിത്. 15 ശതമാനം ന്യൂനപക്ഷ വോട്ടുകള്‍, 12 ശതമാനം ഒ ബി സി വോട്ടുകള്‍, 10 ശതമാനം എസ് സി/എസ് ടി വോട്ടുകള്‍, 10 ശതമാനം സവര്‍ണ വോട്ടുകള്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന വോട്ടിംഗ് ഷെയര്‍. ഇതിലൂടെ 40 ശതമാനം വോട്ടുകള്‍ നേടാനാകുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ത്രികോണ മത്സരം നടക്കുന്ന സീറ്റുകളില്‍ 15 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് വലിയൊരു ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ മജ്‌ലിസെ പാര്‍ട്ടിയെ കൂട്ടുപിടിച്ച് ബി ജെ പി നീക്കം നടത്തിയെങ്കിലും ഒടുവില്‍ പാളുകയായിരുന്നു. ഉവൈസിയുടെ പാര്‍ട്ടി അവസാന നിമിഷം മത്സര രംഗത്ത് നിന്ന് പിന്മാറുകയും ജനതാദള്‍- എസിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മത ധ്രുവീകരണത്തിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ ബി ജെ പി നടത്തിയ നീക്കമാണ് ഇതിലൂടെ വിഫലമായത്.

മുസ്‌ലിം വോട്ടുകളെ പോലെ തന്നെ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട്‌ബേങ്കാണ് ദളിത്- പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളും. സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ 36 എണ്ണം ദളിത്- പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ദളിത് ജനസംഖ്യ 1.08 കോടിയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 60 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് പ്രധാനമാണ്. ദളിതരുണ്ടാക്കിയ ഭക്ഷണം കഴിക്കാതെ വിവാദത്തില്‍പെട്ട ബി എസ് യെദ്യൂരപ്പ ഈ വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ദളിത് വീടുകളിലെത്തി ഭക്ഷണം കഴിച്ചതും അവരെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം വിളമ്പിയതും കപട സ്‌നേഹമായാണ് കോണ്‍ഗ്രസ് വ്യാഖ്യാനിക്കുന്നത്. സിദ്ധരാമയ്യയുടെ നീക്കത്തില്‍ ബി ജെ പിക്ക് ഭയമുള്ളതിനാലാണ് അവസാനഘട്ടത്തില്‍ ദളിത് കാര്‍ഡുമായി മോദി പ്രചാരണ രംഗം കൊഴുപ്പിച്ചത്. കോണ്‍ഗ്രസ് രൂപവത്കരിച്ച ദളിത്- പിന്നാക്ക കൂട്ടായ്മയായ അഹിന്ദ തിരഞ്ഞെടുപ്പിലുടനീളം ശക്തമായ പ്രചാരണമാണ് കാഴ്ച വെച്ചത്. പിന്നാക്ക വിഭാഗമായ കുറുംബ സമുദായാംഗമായ സിദ്ധരാമയ്യക്ക് ദളിത് വോട്ടുകള്‍ പരമാവധി അനുകൂലമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മെഹദായി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറും ഗോവയിലെ ബി ജെ പി സര്‍ക്കാറും തയ്യാറാകാത്തതില്‍ കര്‍ഷകര്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. ബാലറ്റിലൂടെ ഇതിന് മറുപടി നല്‍കാനാണ് ഈ മേഖലയിലെ കര്‍ഷക ജനതയുടെ നീക്കം. മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ നദീജല തര്‍ക്കമാണ് കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിയത്. മെഹദായി നദിയില്‍ നിന്ന് കര്‍ണാടകക്ക് വെള്ളം വിട്ടുതരില്ലെന്ന ഗോവ സര്‍ക്കാറിന്റെ നിലപാട് ഈ മേഖലയില്‍ ബി ജെ പിക്ക് മറ്റൊരു തിരിച്ചടിയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മെഹദായി വിഷയം ബി ജെ പിയെ അടിക്കാനുള്ള ആയുധമാക്കിയതോടൊപ്പം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയതും ചെറുകിട ജലസേചന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയതും ഉയര്‍ത്തിപ്പിടിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ബെലഗാവിയില്‍ മാത്രമാണ്. ഇവിടുത്തെ 18 മണ്ഡലങ്ങളില്‍ പത്തെണ്ണത്തില്‍ ബി ജെ പി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആറ് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. മഹാരാഷ്ട്ര ഏകീകരണ സമിതി രണ്ട് സീറ്റിലും വിജയിച്ചു. എന്നാല്‍ മറ്റു അഞ്ച് ജില്ലകളിലും കോണ്‍ഗ്രസിനായിരുന്നു ആധിപത്യം. ഗദകിലെ നാല് സീറ്റിലും കോണ്‍ഗ്രസ് ജയിച്ചുകയറി. ഇതേ വിജയം നേടാന്‍ കഴിഞ്ഞാല്‍ വീണ്ടും അധികാരത്തിലേറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വിജയപുര, ബാഗല്‍കോട്ട്, ഹവേരി, ഗദക്, ധാര്‍വാഡ്, ബെലഗാവി ജില്ലകളാണ് ഈ മേഖലയില്‍ ഉള്‍പ്പെടുന്നത്. ഈ മേഖലയിലെ കര്‍ഷകരുടെ മുഴുവന്‍ വോട്ടുകളും ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ട് തവണ കര്‍ഷക കൂട്ടായ്മ നടത്തിയത്.

കോണ്‍ഗ്രസിന്റെ ഭരണത്തുടര്‍ച്ചക്ക് കളമൊരുക്കുന്നത് തെക്കന്‍ജില്ലകളിലെ വിധിയെഴുത്തായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെക്കന്‍ മേഖലയില്‍ നേടിയ ആധിപത്യമാണ് കോണ്‍ഗ്രസിനെ ഭരണത്തിലേറ്റിയത്. മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസന്‍, തുമക്കൂരു, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര, ചാമരാജ് നഗര്‍ എന്നീ ജില്ലകളിലെ വിധിയെഴുത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. ഇവിടങ്ങളില്‍ വൊക്കലിഗ സമുദായം മുമ്പെങ്ങുമില്ലാത്ത വിധം ശക്തിയാര്‍ജിച്ചത് തിരിച്ചറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. കോണ്‍ഗ്രസും ജനതാദള്‍- എസും തമ്മിലാണ് ഇവിടങ്ങളില്‍ പ്രധാന പോരാട്ടം. കഴിഞ്ഞ തവണ തെക്കന്‍ ജില്ലകളിലെ 61 സീറ്റുകളില്‍ 28 എണ്ണത്തില്‍ കോണ്‍ഗ്രസും 23ല്‍ ജനതാദള്‍- എസും മൂന്ന് സീറ്റുകളില്‍ ബി ജെ പിയുമാണ് ജയിച്ചുകയറിയത്. ബെംഗളൂരുവിലെ 28 മണ്ഡലങ്ങളില്‍ 13 എണ്ണത്തില്‍ ബി ജെ പിയും 12 എണ്ണത്തില്‍ കോണ്‍ഗ്രസും മൂന്നെണ്ണത്തില്‍ ജനതാദള്‍- എസും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടായി പിളര്‍ന്നതും വൊക്കലിഗ സമുദായത്തിന്റെ പിന്തുണ ലഭിച്ചതും കോണ്‍ഗ്രസിന് അധികാരത്തിലേക്കുള്ള വഴികള്‍ സുഗമമാക്കി. ഇത്തവണ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പി സജീവമായതും വൊക്കലിഗ സമുദായം ദേവഗൗഡ പക്ഷത്തോടൊപ്പം നിലയുറപ്പിച്ചതും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണത്തിനും ജാതീയതക്കും പ്രാദേശിക വാദത്തിനും തടയിടാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാകും.