ഫ്‌ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് സ്വന്തമാക്കി; കൈമാറ്റം 20 ബില്യണ്‍ ഡോളറിന്

Posted on: May 9, 2018 7:10 pm | Last updated: May 10, 2018 at 9:36 am

ബംഗളൂരു:ഇന്ത്യന്‍ ഓണ്‍ലൈന്‍ രംഗത്ത് വിപ്‌ളവം സ്ഷ്ടിച്ച ഫ്‌ലിപ്പ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കി. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 20 ബില്യണ്‍ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ നടന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുത്ത വിവരം വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച്ച രാത്രിയാണ് (ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചക്ക്) കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടത്. തെന്ന് നിലവിലെ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ സോഫ്റ്റ് ബാങ്ക് സ്ഥിരീകരിച്ചു. ബംഗളൂരു ആസ്ഥാനമായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 23 ശതമാനം ഓഹരി പങ്കാളിത്തമാണ് സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്.

പ്രധാന എതിരാളിയായ ആമസോണ്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നുവെങ്കിലും വാള്‍മാര്‍ട്ടുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഇ കൊമേഴ്‌സ് രംഗത്തെയും വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലേയും ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.

11 വര്‍ഷം മുമ്പാണ് ആമസോണ്‍ ഡോട്ട് കോമില്‍നിന്നു രാജിവച്ചു സച്ചിന്‍ ബന്‍സലും ബിന്നി ബന്‍സലും ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയത്. കമ്പനി വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ഇരുവരും കമ്പനിയില്‍നിന്നും പുറത്തായി. ഏറ്റെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വാള്‍മാര്‍ട്ട് സി.ഇ.ഒ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.