Connect with us

Kerala

ചെങ്ങന്നൂരില്‍ തീപാറും പോരാട്ടം

Published

|

Last Updated

ചെങ്ങന്നൂര്‍: ദേശീയശ്രദ്ധ നേടിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടമാണ് മുന്നണികളും സ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. വാശിയേറിയ ത്രികോണ മത്സരത്തിന് ചെങ്ങന്നൂര്‍ വേദിയായതോടെ, മുന്നണികള്‍ക്കെല്ലാം ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനും മാസങ്ങള്‍ക്ക് മുമ്പേ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്നണികള്‍ക്ക് ഇനി ജീവന്മരണ പോരാട്ടമാണ്.

മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍വരെ അവസരം ലഭിച്ചതില്‍ സ്ഥാനാര്‍ഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്തോറുമുള്ള ആശങ്കകള്‍ക്കും ഒട്ടും കുറവില്ല. ഇടതു, വലത് മുന്നണികള്‍ക്കും എന്‍ ഡി എക്കും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം അഭിമാന പ്രശ്‌നമാണ്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്തണമെന്നുള്ളത് സിപിഎമ്മിന്റെയും തുടര്‍ വിജയങ്ങള്‍ സമ്മാനിച്ചുകൊണ്ടിരുന്ന സീറ്റ് തിരികെ പിടിക്കണമെന്നത് കോണ്‍ഗ്രസിന്റെയും അഭിമാന പ്രശ്‌നമാണ്.

എന്നാല്‍ നല്ല വോട്ടിംഗ് ശതമാനം നേടി ചെങ്ങന്നൂരില്‍ താമര വിരിയിക്കണമെന്നുള്ളത് ബി ജെ പിയുടെയും ആവശ്യമാണ്. മൂന്ന് മുന്നണികള്‍ക്കും വിജയത്തിനപ്പുറമുള്ള പ്രതീക്ഷകളൊന്നും ചെങ്ങന്നൂരില്‍ ഇല്ല. പൊതു തിരഞ്ഞെടുപ്പുകളേക്കാള്‍ വീറും വാശിയുമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളും പ്രവര്‍ത്തകരും വെച്ചുപുലര്‍ത്തുന്നത്. രാവും പകലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെല്ലാവരും.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ എല്ലാ മുന്നണികളും സംസ്ഥാന, ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മന്ത്രിപ്പട ഒന്നടങ്കം ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ മണ്ഡലത്തില്‍ താമസിച്ചാണ് വികസന സന്ദേശവുമായി ഭവന സന്ദര്‍ശനം നടത്തുന്നത്. മറ്റ് മന്ത്രിമാരും ബൂത്ത്തല യോഗങ്ങളില്‍ വരെ പങ്കെടുത്ത് വോട്ട് അഭ്യര്‍ഥന നടത്തുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള എല്‍ ഡി എഫ് നേതാക്കളും പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ്.സി പി എമ്മിന്റെ ക്രൗഡ്പുള്ളര്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ രണ്ട് ദിവസത്തെ പ്രചാരണത്തിനായി 20ന് ചെങ്ങന്നൂരിലെത്തും.

കോണ്‍ഗ്രസും ഒട്ടും പിന്നിലല്ല പ്രചാരണത്തില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ എന്നിവരെല്ലാം ചെങ്ങന്നൂരിലെത്താത്ത ദിവസങ്ങളില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം തട്ടകമായ ചെന്നിത്തലയിലും പരിസര പ്രദേശങ്ങളിലും ഭവന സന്ദര്‍ശനം നടത്തി യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്ത്രീകളടക്കം വന്‍ജനക്കൂട്ടം ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന കുടുംബയോഗങ്ങളിലെത്തുന്നുണ്ട്. വരും ദിനങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ചെങ്ങന്നൂരിലെത്തിത്തുടങ്ങും. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെയായിരിക്കും ദേശീയ നേതാളെത്തുക. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രചാരണത്തിനെത്തുമെന്നാണറിയുന്നത്. ബി ജെ പി മുമ്പെന്നത്തേക്കാളും ഏറെ ആവേശത്തോടെയാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്‍ ഡി എയുടെ പ്രധാന ഘടകകക്ഷിയായ ബി ഡി ജെ എസ് ഇടഞ്ഞു നില്‍ക്കുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഒരു നിലക്കും ബാധിക്കരുതെന്ന നിര്‍ബന്ധമാണ് ബി ജെ പി നേതൃത്വത്തിനുള്ളത്. അത് കൊണ്ട് തന്നെ ഏറെ വൈകിയാണെങ്കിലും വിപുലമായ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു.കേന്ദ്ര മന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിക്കാനും അവര്‍ക്കായി.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കും ബി ജെ പിയുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയ പ്രമുഖരെ പ്രചാരണത്തിനെത്തിക്കാനും പദ്ധതിയുണ്ട്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം പോരടിക്കുമ്പോഴും പ്രധാന മുന്നണി സ്ഥാനാര്‍ഥികളെല്ലാം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും നാട്ടുകാരുമാണെന്നതില്‍ വോട്ടര്‍മാര്‍ക്ക് ആശ്വസിക്കാം. 1970 ന് ശേഷം സി പി എം ആദ്യമായാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിജയിച്ചത്.

ബിജെപിക്ക് കഴിഞ്ഞ പ്രാവശ്യം വന്‍ വര്‍ധനവാണ് വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായത്. പി എസ് ശ്രീധരന്‍പിള്ള നേടിയത് 42682 വോട്ടുകളാണ്. ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍ പിള്ളക്ക് വിജയിച്ച കെ കെ രാമചന്ദ്രന്‍ നായരുടെ വോട്ടുമായി 10,198 വോട്ടിന്റെ വ്യത്യാസവും.
രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസിന്റെ പി സി വിഷ്ണുനാഥുമായി 2,215 വോട്ടിന്റെയും വ്യത്യാസമെ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ രാമചന്ദ്രന്‍ നായര്‍ (എല്‍ ഡി എഫ് ) 52880, പി സി വിഷ്ണുനാഥ് (കോണ്‍ഗ്രസ് ) 44897, പി എസ് ശ്രീധരപിള്ള (ബി ജെ പി ) 42682, ശോഭനാ ജോര്‍ജ് 3966, അലക്‌സ് (ബി എസ് പി ) 483 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.

Latest