മഅ്ദിന്‍ – ബ്രിഗാം യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സ്‌ചേഞ്ച് പരിപാടി സമാപിച്ചു

Posted on: May 7, 2018 7:23 pm | Last updated: May 7, 2018 at 7:23 pm
അമേരിക്കയിലെ പ്രൊവൊയില്‍ ബിഗാം യംഗ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ത്രിദിന അക്കാദമിക് എക്‌സ്‌ചേഞ്ച് മതസൗഹാര്‍ദ പരിപാടിക്കെത്തിയ മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള മഅ്ദിന്‍ അക്കാദമി സംഘത്തെ സംഘാടക സമിതി തലവന്‍ ഡോ. ബ്രയാന്‍ ആഡംസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചപ്പോള്‍

സാള്‍ട്ട്‌ലൈക് സിറ്റി (അമേരിക്ക): മഅ്ദിന്‍ അക്കാദമിയും യു എസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ബ്രിഗാം യംഗ് സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമിക് എക്‌സ്‌ചേഞ്ച് പരിപാടി സമാപിച്ചു. ബി വൈ യു യൂണിവേഴ്‌സിറ്റിയുടെ പ്രൊവൊ കാമ്പസില്‍ മൂന്നു ദിനങ്ങളിലായി നടന്ന പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘം സംബന്ധിച്ചു.

മഅ്ദിന്‍ ഇരുപതാം വാര്‍ഷികമായ വൈസനിയത്തോടനുബന്ധിച്ചുള്ള അമേരിക്കന്‍ നോളജ് ഹണ്ടിന്റെ ഭാഗമായാണ് വിജ്ഞാന കൈമാറ്റ പരിപാടി നടന്നത്. യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ചടങ്ങിന് മാക്‌സ്‌വെല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസര്‍ ഡേവിസ് മോര്‍ഗന്‍ ഡേവിസ് നേതൃത്വം നല്‍കി. ചരിത്രം, ഭാഷ, സംസ്‌കാരം, എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളില്‍ രണ്ടു സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കുന്നതിനും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും അക്കാദമിക് സന്ദര്‍ശന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി. ഓണ്‍ലൈന്‍ പഠന സംവിധാനമായ ബി വൈ യു കണക്റ്റ്, പൈതൃകാന്വേഷണത്തിനുള്ള ഫാമിലി സേര്‍ച്ച് എന്നിവയുടെ പരിശീലന പദ്ധതികളുമായി മഅ്ദിന്‍ സഹകരിക്കും.

മഅ്ദിന്‍ അക്കാദമി, എല്‍ ഡി എസ് ചര്‍ച്ച്, ബി വൈ യു യൂണവേഴ്‌സിറ്റി എന്നിവയൊരുക്കിയ മത സൗഹാര്‍ദ്ധ വേദിയില്‍ ജീവകാരുണ്യ മേഖലയില്‍ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ക്കിയോളജി പ്രൊഫസര്‍ ജഫ്രി ചാഡ്‌വിക്, പാത്ത്‌വെ മാനേജര്‍ ജിയോനി ബ്രയോന്‍സ്, ചര്‍ച്ച് ഹോസ്റ്റിംഗ് ഡയറക്ടര്‍ കെന്റ് റിച്ചാര്‍ഡ്‌സ്, എല്‍ ഡി എസ് ചാരിറ്റീസ് ഡയറക്ടര്‍ റോബര്‍ട്ട് ഡി. ഹോകന്‍സന്‍, ഫാമിലി സേര്‍ച്ച് ഓഫീസര്‍ ജയ്‌സന്‍ ഹാരിസണ്‍, മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍മാരായ ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, ചര്‍ച്ച് ഹോസ്റ്റിംഗ് ഓഫീസര്‍ സ്‌കോട്ട് നിക്‌സന്‍, ആസ്‌ത്രേലിയയിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ബ്രയാന്‍ ആഡംസ് സംബന്ധിച്ചു.

വിവിധ പരിപാടികള്‍ക്ക് യു എസിലെത്തിയ ഖലീല്‍ തങ്ങള്‍ക്ക് കാലിഫോണിയ കേരള മുസ്‌ലിം കമ്യൂണിറ്റി അസോസിയേഷന്റെ നേതൃത്വത്തില്‍ സിലിക്കണ്‍വാലി എം സി എ ആഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. പ്രസിഡണ്ട് യാസിര്‍ ബാഖവി, ഉപാധ്യക്ഷന്‍ അനീസ എടവലത്ത്, ജന.സെക്രട്ടറി റഈസ് തലശ്ശേരി, ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക സാന്‍ഫ്രാന്‍സിസ്‌കോ പ്രസിഡണ്ട് ഇനായത്ത് റസ്സാഖ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ നാസിദ്, ഹബീബ്, മുസ്തഫ മാണിക്കോത്ത് നേതൃത്വം നല്‍കി.