Connect with us

National

മോദിയുടെ മണ്ടന്‍ നയങ്ങള്‍ രാജ്യത്തെ വിനാശത്തിലേക്ക് നയിച്ചു: മന്‍മോഹന്‍

Published

|

Last Updated

ബംഗളൂരു: മോദി സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ വിനാശത്തിലേക്ക് നയിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബിജെപി സര്‍ക്കാര്‍ നശിപ്പിച്ചുവെന്നും അദ്ദേഹം ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍ എത്തിയതായിരുന്നു മന്‍മോഹന്‍.

വര്‍ഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തിയത്. എന്നാല്‍ മോദി വന്നതോടെ അത് ഘട്ടം ഘട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നല്ലതിനെന്ന് പറഞ്ഞ് മോദി നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേംഹം പറഞ്ഞു.

കൃത്യമായി വിശകലനം ചെയ്യാതെയും ആസൂത്രണരഹിതമായുമാണ് മോദി പദ്ധതികള്‍ നടപ്പാക്കുന്നത്. മോദിക്ക് കീഴില്‍ രാജ്യം ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങളും കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ചുമലതപ്പെടുത്തപ്പെട്ടവര്‍ നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. മനസ്സില്‍ തോന്നുന്ന കാര്യങ്ങളും വിചിത്ര ഭാവനകളും അനുസരിച്ചല്ല നയങ്ങള്‍ രൂപവത്കരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്റെ രണ്ടു മണ്ടന്‍ തീരുമാനങ്ങളാണ് നോട്ട് അസാധുവാക്കലും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും. ഇതുകാരണം സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടി ഏറ്റവും രൂക്ഷമായി ബാധിച്ചത് സൂക്ഷ്മ-ഇടത്തരം- ചെറുകിട വ്യാപാരമേഖലയെയാണ്. ഈ മേഖലയില്‍ ലക്ഷക്കണക്കിനു പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടാനും ഇത് ഇടയാക്കിയെന്നും മന്‍മോഹന്‍ പറഞ്ഞു.